| Monday, 28th December 2020, 1:01 pm

'സഞ്ജയ് റാവത്തിനെ കുടുക്കാന്‍ ഇ.ഡി'; പി.എം.സി ബാങ്ക് കേസില്‍ ഭാര്യയെ ചോദ്യം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്. ഇത് മൂന്നാം തവണയാണ് വര്‍ഷയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 29 ന് ഇ.ഡിയുടെ മുംബൈ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ വര്‍ഷ റാവത്തും പ്രവീണ്‍ റാവത്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെയും മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെയും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനായി നേരത്തെ രണ്ട് തവണ ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഡിസംബര്‍ 11 ന് ഹാജരാകാനായിരുന്നു ഇതിന് മുന്‍പ് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും പ്രതികരിച്ചിരിക്കുന്നത്. ‘ഇത് രാഷ്ട്രീയ പ്രേരിതമാണ് കേന്ദ്ര ഏജന്‍സികള്‍ അന്യായമായി അവരെ ലക്ഷ്യമിടുകയാണെന്നാണ്’ ഇവര്‍ അറിയിച്ചത്.

ബി.ജെ.പിയില്‍ നിന്ന് എന്‍.സി.പിയിലേക്ക് എത്തിയ ഏക്‌നാഥ് ഖഡ്‌സയേയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30 ന് ചോദ്യം ചെയ്യാനായി ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ആരുടേയും പേര് പരാമര്‍ശിക്കാതെ റാവത്ത് ഒരു ട്വീറ്റ് എഴുതിയിട്ടുണ്ട്.

‘വരൂ ആരാണ് കൂടുതല്‍ കരുത്തര്‍ എന്ന് നമുക്ക് നോക്കാം. ഒരുഭയവും കൂടാതെ മുന്നോട്ടുപോകുവിന്‍ സുഹൃത്തുക്കളേ’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്.

എന്‍ഫോഴ്‌മെന്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് റാവത്ത് ട്വീറ്റ് ചെയ്തതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഇ.ഡിയുടെ വക്താവ് അല്ല എന്നായിരുന്നു ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.

‘വിഷമിക്കേണ്ട എന്ന് അവരോട് പറയൂ. ഇത് ഒരു നല്ല കാര്യത്തിനാണെങ്കില്‍ അവര്‍ മുന്നോട്ടുപോകട്ടെ. എന്തിന് ഭയപ്പെടണം. സഞ്ജയ് റാവത്ത് ഇത്തരത്തിലുള്ള ട്വീറ്റുകള്‍ ദിവസവും എഴുതാറുണ്ട്. അവര്‍ക്ക് ധാരാളം സിംഹങ്ങളുണ്ട്. അവര്‍ എല്ലാ ദിവസവും ഇത്തരത്തില്‍ സംസാരിക്കുന്നുണ്ട്’, ഫഡ്‌നാവിസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ബാങ്കിന്റെ ചില വായ്പാ അക്കൗണ്ടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഇ.ഡിയുടെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തികമായി സമ്മര്‍ദ്ദത്തിലായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളായ ഹൗസിംഗ് ഡെവലപ്‌മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ,എച്ച്ഡിഎല്‍ എന്നിവയ്ക്ക് നല്‍കിയ വായ്പകളാണ് അന്വേഷണ പരിധിയില്‍ വരുന്നത്.

ഇവരുടെ പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധവന്‍, മകന്‍ സാരംഗ് വാധവന്‍, മുന്‍ ചെയര്‍മാന്‍ വാര്യം സിംഗ്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവരെ കുറിച്ചും ഏജന്‍സി അന്വേഷിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sena’s Sanjay Raut’s Wife Summoned For Questioning In PMC Bank Case

We use cookies to give you the best possible experience. Learn more