|

ഇവിടെ സ്വാതന്ത്ര്യമാണ് മരണപ്പെട്ടത്; പെഗാസസ് ചോര്‍ത്തല്‍ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനമെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പെഗാസസ് എന്ന ഇസ്രഈലി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയത് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന് തുല്യമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജപ്പാനില്‍ ആളുകള്‍ കൂട്ടത്തോടെ മരിക്കുകയാണെങ്കില്‍ ഇവിടെ ആളുകളുടെ ‘സ്വാതന്ത്ര്യം മരിക്കുക’യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

‘പുത്തന്‍ സാങ്കേതിക വിദ്യ നമ്മളെ അടിമത്തത്തിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. ഹിരോഷിമയില്‍ ആറ്റം ബോംബ് വര്‍ഷിച്ചതു പോലെ തന്നെയാണ് പെഗാസസ് ഉപയോഗിച്ച് ചെയ്തിരിക്കുന്നതും. ഹിരോഷിമയില്‍ ആളുകള്‍ മരിച്ചുവീണു. ഇവിടെ പെഗാസസില്‍, സ്വാതന്ത്ര്യം മരിച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരും വ്യവസായികളും സാമൂഹ്യ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ഭയത്തിന്റെ നിഴലിലാണ്. രാജ്യത്തെ ജുഡീഷ്യറിയും മാധ്യമങ്ങളും വരെ അതേ സമ്മര്‍ദ്ദത്തിലാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

പെഗാസസ് സോഫ്റ്റ് വെയറിന്റെ ലൈസന്‍സിനായി വര്‍ഷം 60 കോടിയാണ് എന്‍.എസ്.ഒ. കമ്പനി ഈടാക്കുന്നതെന്നും ഒരു മാധ്യമത്തെ ക്വോട്ട് ചെയ്തുകൊണ്ട് റാവത്ത് പറഞ്ഞു.

ഒരു ലൈസന്‍സ് ഉപയോഗിച്ച് 50 ഫോണ്‍ വരെ ഹാക്ക് ചെയ്യാമെന്നും 300 ഫോണുകള്‍ വരെ ടാപ് ചെയ്യാന്‍ ആറുമുതല്‍ എഴു വരെ െൈലസന്‍സുകള്‍ ആവശ്യമാണെന്നും അദ്ദേഹം പ റഞ്ഞു.

സര്‍ക്കാരുകള്‍ക്ക് മാത്രമാണ് സോഫ്റ്റ് വെയര്‍ നല്‍കുന്നതെന്ന് എന്‍.എസ്.ഒ. ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയെങ്കില്‍ ഇന്ത്യയിലെ ഏത് സര്‍ക്കാരാണ് ഈ സ്‌പൈ വെയറുകള്‍ വാങ്ങിയത്. ഇന്ത്യയിലെ 300 പേരെ വാങ്ങുന്നതിന് 300 കോടി രൂപയെങ്കിലും ചെലവായുണ്ടാകും. ഫോണ്‍ ചോര്‍ത്തലിന് ഇത്രയധികം തുക ചെലവാക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തിനുണ്ടോ എന്നും റാവത്ത് ചോദിച്ചു.

രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300 ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്രമായ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

മാധ്യമ പ്രവര്‍ത്തകര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പേരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sena’s Sanjay Raut’s “Hiroshima Bombing” Comparison To Pegasus Row