'അഗ്നിപരീക്ഷ...അഗ്നിപരീക്ഷ...'; നെഞ്ചുവേദനക്കിടയിലും ആശുപത്രിക്കിടക്കയില്‍നിന്ന് സഞ്ജയ് റാവത്തിന്റെ കവിത
national news
'അഗ്നിപരീക്ഷ...അഗ്നിപരീക്ഷ...'; നെഞ്ചുവേദനക്കിടയിലും ആശുപത്രിക്കിടക്കയില്‍നിന്ന് സഞ്ജയ് റാവത്തിന്റെ കവിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 11:45 am

മുംബൈ: ശസ്ത്രക്രിയക്കുശേഷം ആശുപത്രിയില്‍ തുടരവെ, കവിതയെഴുതി ട്വീറ്റ് ചെയ്ത് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്റെ കവിതയാണ് റാവത്ത് പങ്കുവച്ചത്.

അഗ്നിപരീക്ഷ എന്ന് അര്‍ത്ഥം വരുന്ന ‘അഗ്നീപത്’ എന്ന ഹിന്ദി വാക്കാണ് റാവത്ത് ട്വീറ്റില്‍ ആവര്‍ത്തിച്ച് പ്രയോഗിച്ചിരിക്കുന്നത്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പിതാവ് കൂടിയായ ഹരിവന്‍ഷ് റായ് ബച്ചന്‍ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് എഴുതിയതാണ് കവിത.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റാവത്ത് ആശുപത്രിയില്‍നിന്നും ഹിന്ദി കവിതകള്‍ ട്വീറ്റ് ചെയ്യുന്നത്.

ചൊവ്വാഴ്ച, കവി സോഹന്‍ ലാല്‍ ദ്വിവേദിയുടെ കവിതയും റാവത്ത് പങ്കുവച്ചിരുന്നു. ‘തിരയെ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും കടല്‍ മറികടക്കാനാവില്ല. ആര് ശ്രമം നടത്തുന്നുവോ അവര്‍ ഒരിക്കലും പരാജയപ്പെടില്ല’, റാവത്തിന്റെ ചൊവ്വാഴ്ചത്തെ ട്വീറ്റ് ഇങ്ങനെ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികളെ പരോക്ഷമായി പ്രതിപാധിച്ചാണ് റാവത്തിന്റെ കവിതാ ശകലങ്ങളടങ്ങിയ ട്വീറ്റുകളെല്ലാം.

നെഞ്ചുവേദനയെത്തുടര്‍ന്നാണ് റാവത്തിനെ തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റികിന് വിധേയനാക്കിയിരുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സുപ്രിയ സുലേയടക്കമുള്ള പ്രതിപക്ഷ നേതാക്കളും ബി.ജെ.പി നേതാക്കളും റാവത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും റാവത്തിനെ കാണാനെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാറിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യത്തില്‍ നിന്നു ശിവസേന പിന്മാറി.

ഇപ്പോള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കേണ്ടെന്നും ആവശ്യത്തിന് എം.എല്‍.എമാരുടെ പിന്തുണയായിക്കഴിഞ്ഞ ശേഷം പുതിയ ഹരജി സമര്‍പ്പിക്കാമെന്നും കോടതിയില്‍ സേന അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ