| Saturday, 16th November 2019, 9:04 am

മഹാരാഷ്ട്ര: കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണും. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

സഖ്യം രൂപീകരിച്ച് പൊതുമിനിമം പദ്ധതിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍, പുതിയ സഖ്യത്തെക്കുറിച്ച് ഗവര്‍ണറെ അറിയിക്കാനാണ് സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്‍.ഡി.എയില്‍ നിന്ന് പുറത്തുവന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാനെന്നും അതിനാല്‍ മുഖ്യമന്ത്രി അവരുടേതായിരിക്കുമെന്നും എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവ് നവാബ് മാലിക്കും പറഞ്ഞിരുന്നു. 20 ദിവസത്തിനുള്ളില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നും നവാബ് മാലിക് പറഞ്ഞിരുന്നു

അതേസമയം, സഖ്യസര്‍ക്കാരിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പവാര്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ശിവസേനയും കോണ്‍ഗ്രസും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണ് തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍.സി.പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണു ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറായിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, പൊതു മിനിമം പദ്ധതിയുടെ കരടിന് അന്തിമ രൂപം നല്‍കാന്‍ സോണിയാ ഗാന്ധിയും ശരദ് പവാറും നാളെ ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. യോഗശേഷം നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more