| Sunday, 27th October 2019, 2:07 pm

'ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കൈയില്‍ത്തന്നെ'; ബാല്‍ താക്കറെയും വിവാദ കാര്‍ട്ടൂണും ഓര്‍മ്മിപ്പിച്ച് ബി.ജെ.പിക്ക് ശിവസേനയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേനാ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും തുടരുന്നു. സംസ്ഥാനത്തെ ഭരണത്തിന്റെ ‘റിമോട്ട് കണ്‍ട്രോള്‍’ ശിവസേനയുടെ കൈയിലാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗട്ട് ബി.ജെ.പിയെ ഓര്‍മ്മിപ്പിച്ചു.

1995-99 കാലഘട്ടത്തില്‍ സേന-ബി.ജെ.പി സഖ്യം ആദ്യമായി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ സ്ഥിരമായി പറഞ്ഞിരുന്ന ‘റിമോട്ട് കണ്‍ട്രോള്‍’ വാചകമാണ് ഇപ്പോള്‍ റൗട്ട് ആവര്‍ത്തിച്ചിരിക്കുന്നത്.

‘2014-ല്‍ 63 സീറ്റുകള്‍ നേടിയതു വെച്ചു നോക്കുമ്പോള്‍ ഇത്തവണ സേന നേടിയതു കുറവാണ് (56). പക്ഷേ ഇത് ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോളാണ്. ബി.ജെ.പിക്കു പിറകെ ശിവസേന ചെല്ലുമെന്ന സ്വപ്‌നമാണ് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തകര്‍ന്നത്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യസഭാ എം.പി കൂടിയായ റൗട്ട് സേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലാണ് ബി.ജെ.പിക്കുള്ള മുന്നറിയിപ്പായി ഇക്കാര്യം എഴുതിയത്.

ശിവസേനയുടെ പാര്‍ട്ടി ചിഹ്നമായ കടുവ ഒരു കൈയില്‍ താമരയും കഴുത്തില്‍ ക്ലോക്ക് ലോക്കറ്റുമായി നില്‍ക്കുന്ന ഒരു കാര്‍ട്ടൂണ്‍ വെള്ളിയാഴ്ച റൗട്ട് ട്വീറ്റ് ചെയ്തിരുന്നു.

ബി.ജെ.പിയുടെ ചിഹ്നമായ താമര കടുവ മണക്കുന്നതാണ് കാര്‍ട്ടൂണിലുള്ളത്. ക്ലോക്കാവട്ടെ, എന്‍.സി.പിയുടെ ചിഹ്നവും. ഇന്നും ഈ കാര്‍ട്ടൂണ്‍ റൗട്ട് പരാമര്‍ശിച്ചു.

‘കടുവ കൈയില്‍ താമര പിടിച്ചിരിക്കുന്ന കാര്‍ട്ടൂണിനു നിലവിലെ സാഹചര്യവുമായി ബന്ധമുണ്ട്. ആരും ഒന്നും നിസ്സാരമായി എടുക്കരുതെന്നുള്ളതാണ് അതിലെ സന്ദേശം.’- അദ്ദേഹം എഴുതി.

സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമാകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ സേനയുടെ പിന്തുണ കോണ്‍ഗ്രസ് പരസ്യമായി തേടിയിരുന്നു.

ജനങ്ങള്‍ ഇപ്പോഴും ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശിവസേന അത്തരത്തിലൊരു തീരുമാനമെടുക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് വിജയ് വഡേട്ടിവര്‍ പറഞ്ഞിരുന്നു.

‘ജനവിധി ബി.ജെ.പിക്കെതിരാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സഖ്യമെന്ന നിലയ്ക്കു ശിവസേനയാണ് ബി.ജെ.പിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതുവരെ ഇക്കാര്യത്തില്‍ ശിവസേനയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ഒന്നുമറിയില്ല.

അവരുമായി ഒരു ബന്ധവും ഞങ്ങള്‍ പുലര്‍ത്തുന്നില്ല. ബി.ജെ.പിയുമായി കൈകോര്‍ക്കണോ എന്ന കാര്യത്തില്‍ ശിവസേനയാണ് ഇനി തീരുമാനമെടുക്കേണ്ടത്.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസും എന്‍.സി.പിയും പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ബി.ജെ.പിയെ പുറത്തിരുത്താനാണു തീരുമാനമെങ്കില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒന്നിച്ചുകൂടുമെന്നും അദ്ദേഹം പറഞ്ഞു.

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബി.ജെ.പിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍.സി.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി.

ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദത്തില്‍ തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞു.

പാര്‍ട്ടി എം.എല്‍.എമാര്‍ ഉദ്ധവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അമിത് ഷായോ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസോ ഇക്കാര്യം എഴുതി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേനാ എം.എല്‍.എമാരുടെ ആവശ്യം. എന്നാല്‍ ഉദ്ധവാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും സര്‍നായിക് പറഞ്ഞു.

കാര്‍ട്ടൂണ്‍ കടപ്പാട്: സഞ്ജയ് റൗട്ട്‌

We use cookies to give you the best possible experience. Learn more