ശെല്‍വരാജ് കൊലപാതകം; കോണ്‍ഗ്രസില്‍ നിന്നും 40 പ്രവര്‍ത്തകര്‍ രാജിവെച്ചു; സി.പി.ഐ.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ചവര്‍
Kerala
ശെല്‍വരാജ് കൊലപാതകം; കോണ്‍ഗ്രസില്‍ നിന്നും 40 പ്രവര്‍ത്തകര്‍ രാജിവെച്ചു; സി.പി.ഐ.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ചവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 1:01 pm

ഇടുക്കി: സി.പി.ഐ.എം പ്രവര്‍ത്തകനായ ശെല്‍വരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നും 40 പ്രവര്‍ത്തകര്‍ രാജിവെച്ചു. ഇവര്‍ സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുള്‍ ഗാന്ധി, മകന്‍ ചിമ്പു, ക്ലാമറ്റത്തില്‍ സിബി എന്നിവര്‍ ചേര്‍ന്ന് സി.പി.ഐ.എം പ്രവര്‍ത്തകന്‍ ശെല്‍വരാജിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചതെന്നും കോണ്‍ഗ്രസിന്റെ ഈ കപട രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും രാജിവെച്ചവര്‍ പറഞ്ഞു.

അഖിലേഷ് ആടുകിടന്താന്‍, അലക്‌സ് ആടുകിടന്താന്‍, പി എം അജിത്കുമാര്‍, പാണ്ടിയന്‍, തങ്കം, വെള്ളച്ചാമി, സുമതി, സതീശന്‍, കുമാര്‍, ശരവണന്‍, രാമചന്ദ്രന്‍, ധനുഷ്‌കോടി ഭാഗ്യം, അളകുമണി, രാമകുമാര്‍, മുരുകന്‍, പെരുമാള്‍ കണ്ണമ്മ, പത്മ, പുന്നക്കുന്നേല്‍ ശ്രീജ, പുന്നക്കുന്നേല്‍ മണി, ചുണ്ടങ്ങക്കരിയില്‍ ഷിബു മാധവന്‍, ചുണ്ടങ്ങക്കരിയില്‍ സുമ ഷിബു, പുന്നക്കുന്നേല്‍ അനീഷ മണി, കുമ്പിളിമൂട്ടില്‍ ബേബി, ജിജി ബേബി, പ്രിന്‍സി ബേബി, കൂക്കലാര്‍ ഗണേഷന്‍, ശിവകുമാര്‍, വിജയകുമാര്‍, പാറേമ്മല്‍ ശെഷന്‍ തങ്കപ്പന്‍, നമരി ബി പെരുമാള്‍, ലക്ഷ്മി പെരുന്നാള്‍, മണികുമാര്‍, രമ്യ മണികുമാര്‍, മണത്തോട് എസ് പവന്‍, പി രാജേശ്വരി, മാലയമ്മ ഗണേഷന്‍, പ്രിന്‍സ് ബേബി, അട്ടക്കുഴിയില്‍ രാജു, കുഞ്ഞുമോള്‍ രാജു, ചതുരംഗപ്പാറ കറുപ്പയ്യ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.

ശെല്‍വരാജിന്റെ കൊലപാതകത്തില്‍ കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല പൊലീസാണ് അന്വേഷണം നടത്തുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ക്ലാമറ്റത്തില്‍ സിബി തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ക്കായി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കേസില്‍ നേരത്തെ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളായ ഉടുമ്പന്‍ചോല കൂക്കലാര്‍ സ്വദേശികളായ അരുള്‍ ഗാന്ധി, മകന്‍ ചിമ്പു എന്നിവര്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. ആക്രമണത്തെ തുടര്‍ന്ന് ബോധരഹിതനായ ശെല്‍വരാജ് കുഴഞ്ഞുവീണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധുക്കളെ അറിയിച്ചത്.

മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബോധം തെളിഞ്ഞ ശെല്‍വരാജ് യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പ്രതികള്‍ മൂവരും ചേര്‍ന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശെല്‍വരാജ് മരിക്കുകയായിരുന്നു.