| Thursday, 15th February 2024, 4:10 pm

'മമ്മൂട്ടി സാർ അസാധ്യം'; മമ്മൂട്ടിയെ പ്രശംസിച്ച് സെൽവരാഘവൻ; അഭിനന്ദനപ്രവാഹം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. മമ്മൂട്ടിയെന്ന എന്ന മഹാനടന്റെ അഭിനയിച്ച് വിസ്മയിപ്പിച്ച സിനിമയെന്നതാണ് ആദ്യ ഷോ കണ്ടവരുടെ അഭിപ്രായം. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റുകളാണ് ചർച്ചയാവുന്നത്. സിനിമാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സെൽവരാഘവൻ, ദുൽഖർ സൽമാൻ മമിത ബൈജു, രമേശ് പിഷാരടി, ആർ,ജെ. മാത്തുക്കുട്ടി, രാധിക, ശ്രീവിദ്യ മുല്ലശ്ശേരി, സംഗീത, ശ്രുതി സിതാര, ഷെഫ് പിള്ളൈ തുടങ്ങി നിരവധി താരങ്ങളാണ് കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

‘ഞാൻ സാറിന്റെ ഡൈ ഹാർട്ട് ഫാനാണ്’ എന്ന ഒരു കമന്റും അതിന് പുറമെ ‘വൗ മൈൻഡ് ബ്ലോയിങ്’ എന്ന മറ്റൊരു കമന്റുമാണ് സംവിധായകനും തിരക്കഥാകൃത്തുമായ സെൽവരാഘവൻ കുറിച്ചത്. ‘പടം കളറായി’ എന്നാണ് രമേശ് പിഷാരടിയുടെ അഭിപ്രായം. മണിക്കൂറുകൾക്കുള്ളിൽ പതിനായിരത്തിൽ പരം കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ കുമിഞ്ഞു കൂടുന്നത്.

‘ഇന്ത്യൻ സിനിമയുടെ ഒരേയൊരു മമ്മൂട്ടി’, ‘ഇന്തിയാവിൻ മാപെരും നടികർ’,’അഭിനയ കലയുടെ ചാത്തൻ’, ‘രാക്ഷസ നടികർ’ തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ യുഗമെന്നാണ് ആരാധകർ പറയുന്നത്.

മമ്മൂട്ടിക്ക് പുറമെ സിദ്ധാർഥ് ഭരതന്റെയും അർജുൻ അശോകന്റെയും കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സായാണ് ഭ്രമയുഗം വിലയിരുത്തപ്പെടുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്‍ ഷോ സ്റ്റീലറായി മാറിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമയുടെ സിനിമാട്ടോഗ്രാഫറും ആർട്ടും സംഗീതവുമെല്ലാം ഏറെ പ്രശംസ നേടുന്നുണ്ട്. ക്രിസ്റ്റോ സേവിയറാണ് സംഗീതം ചെയ്തിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷഹനാദ് ജലാലാണ്.

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight: Selvaraghavan’s comment on mammootty’s post

We use cookies to give you the best possible experience. Learn more