Entertainment
കാത്ത് കാത്തിരുന്ന 'നാനേ വരുവേന്‍' ടീസെറത്തി; ധനുഷ് അവാര്‍ഡുകള്‍ അമ്പെയ്ത് വീഴ്ത്തുമെന്ന് പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 15, 02:08 pm
Thursday, 15th September 2022, 7:38 pm

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സെല്‍വരാഘവന്‍-ധനുഷ് ഒന്നിക്കുന്ന നാനേ വരുവേന്‍. ചിത്രത്തിന്റെ പുതിയ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

പോസ്റ്ററുകളില്‍ കണ്ടതുപോലെ ധനുഷ് ഇരട്ട വേഷത്തിലാണ് സിനിമയിലെത്തുന്നത്. തികച്ചും വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് കഥാപാത്രങ്ങളെയാണ് ധനുഷ് അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

ഡാര്‍ക് മോഡിലൊരുങ്ങുന്ന ചിത്രത്തില്‍ വയലന്‍സിനും ആക്ഷനും പ്രാധാന്യമുണ്ടാകും. ടീസറിന്റെ ബി.ജി.എം കളര്‍ടോണുമെല്ലാം സിനിമയുടെ മൂഡ് വ്യക്തമാക്കുന്നുണ്ട്.

ആക്ഷനൊപ്പം ഇമോഷണല്‍ യാത്ര കൂടിയായിരിക്കും നാനേ വരുവേന്‍ നല്‍കുന്നത്. ധനുഷിന്റെ ആക്ടിങ്ങ് കരിയറിലെ അടുത്ത ബെഞ്ച് മാര്‍ക്കായിരിക്കും സിനിമയെന്നാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

രണ്ട് കഥാപാത്രങ്ങളെയും അനായാസമായാണ് ധനുഷ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും, തന്റെ നാച്ചുറല്‍ ആക്ടിങ്ങും ഇമോഷണല്‍ സീനുകള്‍ ഗംഭീരമാക്കുന്നതിലെ കഴിവും ഈ സിനിമയിലൂടെ കൂടുതല്‍ പുറത്തുവരുമെന്നും കമന്റുകളില്‍ പറയുന്നു.

സെല്‍വരാഘവനും ധനുഷും ഒന്നിച്ചപ്പോഴെല്ലാം വ്യത്യസ്ത ഴോണറുകളില്‍ മികച്ച പടങ്ങളാണ് തമിഴ് സിനിമാലോകത്തിന് ലഭിച്ചിട്ടുള്ളത്. ആ പ്രതീക്ഷയോടെയാണ് നാനേ വരുവേനിന് വേണ്ടിയും ജനങ്ങള്‍ കാത്തിരിക്കുന്നത്. തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍, പുതുപേട്ടൈ, യാരടി നീ മോഹിനി, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുക്കെട്ടില്‍ നേരത്തെ ഒരുങ്ങിയത്.

ധനുഷും സെല്‍വരാഘവനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഈ സഹോദരന്മാര്‍ തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നതും.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഓം പ്രകാശമാണ്. കലൈപ്പുള്ളി എസ്. തനുവാണ് നാനേ വരുവേന്‍ നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Selvaraghavan – Dhanush movie Naane Varuvean teaser amuses people