| Friday, 28th December 2018, 11:15 pm

സെല്‍ഫി റിസ്റ്റ്; ഡിജിറ്റല്‍ യുഗത്തിലെ പുതിയ ആരോഗ്യ പ്രശ്‌നം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ങടണ്‍: നിങ്ങളുടെ അടുത്ത സെല്‍ഫി ഏറ്റവും വേദനാജനകമായ ഒരു അനുഭവമായി മാറിയേക്കാമെന്ന് കാലിഫോര്‍ണിയയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.  മൊബൈല്‍ ക്യാമറ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നതു മൂലം സെല്‍ഫി റിസ്റ്റ് എന്ന പുതിയ ആരോഗ്യ പ്രശ്‌നം വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ദര്‍. കാര്‍പെല്‍ ടണല്‍ സിന്‍ഡ്രത്തിന്റെ മറ്റൊരു വകഭേദമാണ് സെല്‍ഫി റിസ്റ്റ്.

സെല്‍ഫി റിസ്റ്റ് ഉള്ളവര്‍ക്ക് കൈപത്തി വളച്ചാലും ഫോണ്‍ അമിത നേരം കൈയ്യില്‍ പിടിച്ചാലും കടുത്ത വേദന ഉണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പേരില്‍ ഡോക്ടര്‍മാര്‍ സെല്‍ഫി റിസ്റ്റിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഐറിഷ് മെഡിക്കല്‍ ജേണലില്‍ പറയുന്നു.

2011 ഒക്ടോബര്‍ മുതല്‍ 2017 നവംബര്‍ വരെ ലോകത്താകമാനം സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് 259 പേര്‍ മരിച്ചതായി 2018ല്‍ ദല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യ, അമേരിക്ക, പാകിസ്ഥാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നായിരുന്നുവെന്നും പഠനത്തില്‍ പറയുന്നു. സെല്‍ഫി മരണങ്ങള്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നമായി കാണണമെന്നും വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഈ പഠനത്തില്‍ പറഞ്ഞിരുന്നു.

പഠനം നടത്തിയവരുടെ നിര്‍ദേശപ്രകാരം സെല്‍ഫി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കാനായി ടൂറിസ്റ്റ് സ്ഥലങ്ങളില്‍ സെല്‍ഫി രഹിത സ്ഥലങ്ങള്‍ കണ്ടെത്തി വേണ്ട നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടാവശ്യപ്പെട്ടിരുന്നു.

Image Credits: AP

We use cookies to give you the best possible experience. Learn more