| Sunday, 28th May 2023, 12:27 pm

പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചത് വല്ലപ്പോഴും പാര്‍ലമെന്റിലെത്തുന്ന പ്രധാനമന്ത്രി; പാര്‍ലമെന്റ് നടപടികളോട് തികഞ്ഞ അവജ്ഞ; മോദിക്കെതിരെ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പാര്‍ലമെന്റ് നടപടികളോട് തികഞ്ഞ അവജ്ഞ പുലര്‍ത്തുകയും സ്വയം മഹത്വവത്കരിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യ പ്രധാനമന്ത്രിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഭരണഘടനാ ചുമതലകള്‍ നിറവേറ്റാനും പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിക്കാനും അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പാര്‍ലമെന്റില്‍ വല്ലപ്പോഴും മാത്രം പങ്കെടുക്കുന്ന പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാര്‍ലമെന്റ് നടപടികളെ തികഞ്ഞ അവജ്ഞയോടെ കാണുകയും സ്വയം മഹത്വവത്കരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, അദ്ദേഹം പാര്‍ലമെന്റില്‍ വല്ലപ്പോഴും മാത്രമെ പങ്കെടുക്കാറുള്ളൂ. അദ്ദേഹമാണ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്,’ ജയറാം രമേശ് പറഞ്ഞു.

അതേസമയം പുതിയ പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയായിരുന്നു ആര്‍.ജെ.ഡിയുടെ വിമര്‍ശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെയും ചിത്രങ്ങള്‍ വെച്ചുകൊണ്ട ‘യെ ക്യാ ഹെ’ എന്നായിരുന്നു ആര്‍.ജെ.ഡി ഓഫീഷ്യല്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെ ആര്‍.ജെ.ഡിക്കെതിരെ ബി.ജെ.പിയും രംഗത്ത് വന്നു. ഇതേ ശവപ്പെട്ടിയില്‍ തന്നെ 2024ല്‍ ജനങ്ങള്‍ നിങ്ങളെ അടക്കം ചെയ്യുമെന്നായിരുന്നു ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.

‘ 2024ല്‍ ഇതേ പെട്ടിയില്‍ തന്നെ ജനങ്ങള്‍ നിങ്ങളെ അടക്കം ചെയ്യും. ജനാധിപത്യത്തിന്റെ പുതിയ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവസരം നല്‍കില്ല. പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന്റേത് ആണെന്നും ശവപ്പെട്ടി നിങ്ങളുടേത് ആണെന്നും തീരുമാനമായി,’ അദ്ദേഹം പറഞ്ഞു.

Contenthighlight:  selfglorifying authoritarian pm innaugurate parliament

We use cookies to give you the best possible experience. Learn more