| Monday, 15th April 2024, 5:55 pm

ലക്ഷ്മിയമ്മയുടെ കടയിലെ സാമ്പാര്‍ സാദവും, ഹിമാലയം കേറാന്‍ പോകുന്ന താരപുത്രനും.... സെല്‍ഫ് ട്രോളുകള്‍ കൊണ്ട് നിറയുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന താരങ്ങള്‍. 1970കളില്‍ മദിരാശിയിലേക്ക് സിനിമാമോഹവുമായി വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സിനിമയിലെ എല്ലാ ഘടകങ്ങളും ഈ സിനിമയിലുമുണ്ട്. നിവിന്‍ പോളിയുടെ അതിഥി വേഷത്തിനും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ആദ്യപകുതി ധ്യാന്‍-പ്രണവ് കോമ്പോയുടെ സൗഹൃദവും സിനിമക്ക് വേണ്ടിയുള്ള പരിശ്രമങ്ങളുമെല്ലാമായി സ്വല്പം സീരിയസ് മോഡിലാണ് സിനിമ മുന്നോട്ടു പോകുന്നത്. എന്നാല്‍ രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ ഫീല്‍ ഗുഡിനോടൊപ്പം ഹ്യൂമറും കൂടെ ചേര്‍ത്താണ് വിനീത് കഥ പറയുന്നത്. ബേസില്‍, അജു വര്‍ഗീസ്, നിവിന്‍ പോളി എന്നിവരുടെ കൗണ്ടറുകള്‍ ചിരിപ്പൂരം തീര്‍ത്തു. അതോടൊപ്പം രണ്ടാം പകുതിയില്‍ വരുന്ന സെല്‍ഫ് ട്രോള്‍ ഡയലോഗുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്.

വിനീത് ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും, നിവിന്‍ പോളിയുമെല്ലാം ഇത്തരം സെല്‍ഫ് ട്രോളുകള്‍ കൊണ്ട് സിനിമയെ മറ്റൊരു തലത്തിലെത്തിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് വരുന്ന ട്രോളുകളെല്ലാം ശ്രദ്ധിക്കാറുണ്ടെന്നും അതെല്ലാം മെഡല്‍ പോലെയാണെന്നും ഒരു അഭിമുഖത്തില്‍ വിനീത് പറഞ്ഞിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയില്‍ പ്രണവ് ലക്ഷ്മിയമ്മയുടെ കടയിലെ സാമ്പാര്‍ സാദത്തെക്കുറിച്ച് പറയുന്ന ഡയലോഗ് വിനീതിന്റെ സംഭാവനയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചെന്നൈയിലെ സാമ്പാര്‍ സാദത്തെയും വിനീതിനെയും വെച്ചുളള ട്രോളുകളുടെ റഫറന്‍ഡസായിരുന്നു ആ ഡയലോഗ്.

അതുപോലെ തിയേറ്ററില്‍ ചിരി പടര്‍ത്തിയ മറ്റൊരു ഡയലോഗ് പ്രണവിന്റെ സെല്‍ഫ് ട്രോളായിരുന്നു. സിനിമക്കുള്ളിലെ സിനിമക്ക് വേണ്ടി നായകനെ അന്വേഷിച്ചു നടക്കുമ്പോള്‍ ഒരു യുവതാരം സിനിമ ഷൂട്ട് കഴിഞ്ഞ് ഹിമാലയത്തിലേക്ക് പോകുന്നുവെന്ന് അശ്വത് ലാലിന്റെ കഥാപാത്രം പ്രണവിനോട് പറയുന്നുണ്ട്. ഇത് കേട്ട പ്രണവ്, ഇവന്മാര്‍ക്ക് സിനിമ ചെയ്താല്‍ പോരെ, എന്തിനാ ആവശ്യമില്ലാതെ ഹിമാലയമൊക്കെ കേറാന്‍ പോകുന്നതെന്ന് ചോദിക്കുമ്പോള്‍ തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നു.

വെറും 30 മിനിറ്റ് മാത്രം സ്‌ക്രീനില്‍ വന്ന് കൈയടി മുഴുവന്‍ നേടിയ നിവിന്‍ പോളിയും ഈ സിനിമയില്‍ സ്വയം ട്രോളുന്നുണ്ട്. ഏഴ് പടം അടുപ്പിച്ച് പൊട്ടിയ എനിക്ക് അവസാനത്തെ പിടിവള്ളിയാണ് ഈ സിനിമയെന്ന് പറഞ്ഞത് നിവിന്‍ തന്റെ ഇപ്പോഴത്തെ ബോക്‌സ് ഓഫീസ് അവസ്ഥയെ ട്രോളുന്നുണ്ട്. ബോഡിഷെയ്മിങ് ചെയ്യുന്നവര്‍ക്ക് നിവിന്റെ കഥാപാത്രം കൊടുക്കുന്ന മറുപടിക്കും കൈയടികളുടെ പൂരമായിരുന്നു.

വിനീത് ശ്രീനിവാസനില്‍ നിന്ന് ഇത്തരം തമാശകള്‍ ആരാധകര്‍ക്കും പുതുമയായിരുന്നു. തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലുള്ളവരെ മാത്രം ട്രോളുകയും അതിന്റെ പേരില്‍ ആരെയും വേദനിപ്പിക്കാതെ നോക്കാനും വിനീതിലെ എഴുത്തുകാരന് സാധിച്ചുവെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

Content Highlight: Self troll dialouges in Varshangalkku Sesham

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more