മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റുകളിലുമായി ഫീസ് കൂട്ടിയാണ് പുതിയ ധാരണ.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും മാനേജ്‌മെന്റുകളുമായി ധാരണയായി. ഇതനുസരിച്ച് അമ്പത് ശതമാനം മെറിറ്റ് സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കും.
വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് 13 കോളജുകളുമായി ധാരണയായത്. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റുകളിലുമായി ഫീസ് കൂട്ടിയാണ് പുതിയ ധാരണ.
ധാരണപ്രകാരം സര്‍ക്കാരിന് വിട്ടുകൊടുത്ത അമ്പത് ശതമാനത്തിലെ ആദ്യ 20 ശതമാനം സീറ്റുകളിലെ ഫീസ് നിരക്കില്‍ വ്യത്യാസമില്ല. ബാക്കി വരുന്ന 30 ശതമാനം സീറ്റുകളില്‍ രണ്ടര ലക്ഷം രൂപയായിരിക്കും ഫീസ്.
ഇത് നാലരലക്ഷം രൂപയാക്കണമെന്നായിരന്നു മാനേജ്‌മെന്റ് പ്രതിനിധികളുടെ ആവശ്യമെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഫീസായ 1.8 ലക്ഷം എന്നതില്‍ നിന്ന് മുപ്പത് ശതമാനം വര്‍ദ്ധനവ് വരുത്തി രണ്ടര ലക്ഷം രൂപയാക്കി തീരുമാനത്തിലെത്തുകയായിരുന്നു.
ബാക്കി വരുന്ന അമ്പത് ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ വലിയ വര്‍ധനവ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടങ്കിലും കഴിഞ്ഞ വര്‍ഷം എട്ടരലക്ഷം എന്ന ഫീസ് ഉയര്‍ത്തി 11 ലക്ഷമാക്കി സര്‍ക്കാരുമായി തീരുമാനത്തിലെത്തുകയും ചെയ്തു. ചര്‍ച്ചയ്ക്കു ശേഷം മന്ത്രി കെ.കെ. ഷൈലജയാണ് വിവരങ്ങള്‍ അറിയിച്ചത്.
ഡെന്റല്‍ സീറ്റുകളില്‍ ആറ് ശതമാനത്തില്‍ മാത്രമാണ് നിലവിലെ ഫീസുണ്ടാവുക. ഈ സീറ്റുകളിലേക്ക് 23000 രൂപയാണ് ഫീസ്. പതിനാല് ശതമാനം സീറ്റുകളില്‍ 44000 രൂപയാവും സീറ്റ്. മുപ്പത് ശതമാനം സീറ്റില്‍ 2.10 ലക്ഷം രൂപയും 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ അഞ്ച് ലക്ഷം രൂപയുമാണ് ഫീസ് നിരക്ക്. പതിനഞ്ച് ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ ആറ് ലക്ഷം രൂപയാണ് ഫീസ്.