തിരുവനന്തപുരം: സ്വാശ്രയ എം.ബി.ബി.എസ് ഫീസ് വര്‍ധിപ്പിച്ചു. 50000 രൂപ വീതമാണ് എല്ലാ കോളേജുകളിലും വര്‍ധിപ്പിച്ചത്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയാണ് ഫീസ് വര്‍ധിപ്പിച്ചത്.
ഫീസ് വര്‍ധന വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് 50000 രൂപ വീതം എല്ലാ കോളേജുകളിലും കൂട്ടിയിരിക്കുന്നത്. 19 കോളേജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 6.9 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാകും ഫീസ്.
എന്നാല്‍ ഈ ഫീസ് വര്‍ധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട്. ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
85 ശതമാനം സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഉയര്‍ന്ന ഫീസ് ഘടന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 10 ശതമാനം ബി.പി.എല്‍ വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‌മെന്റുകളുടെ വാഗ്ദാനം.
സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് അവഗണിച്ച് എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഫീസ് നിര്‍ണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നല്‍കാമെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് എഴുതി വാങ്ങി പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.