എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കില്ല; കേരളം സുപ്രീംകോടതിയില്‍
Kerala News
എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കില്ല; കേരളം സുപ്രീംകോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 8:48 pm

ന്യൂദല്‍ഹി: കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍ ബിരുദതലത്തില്‍ സ്വാശ്രയ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കും. ഇത് സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എയ്ഡഡ് കോളേജുകളില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് എതിരായ ഹരജികള്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കുന്നതിനെതിരെ അണ്‍ എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന അധ്യാപകരാണ് ചില എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ പഠിപ്പിക്കുന്നത് എന്ന് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആരോപിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഹരജി പിന്‍വലിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Self-financed courses will not be allowed in aided colleges