കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ മരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് പത്താം ക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. പിന്നീട് വ്യത്യസ്ത ജോലികൾ ചെയ്ത ഇയാൾ, സ്വാമി ചൈതന്യ എന്ന പേരിൽ ശാന്തിതീരം എന്ന ആശ്രമം നടത്തിയിരുന്നു.
45 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ച് വിദേശ മലയാളിയാണ് 2008ൽ ആദ്യം ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ നിരവധി പരാതികൾ ഇയാൾക്കെതിരെ ഉന്നയിക്കപ്പെട്ടു. നഗ്നപൂജ എന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സന്തോഷ് മാധവൻ പീഡിപ്പിച്ചിരുന്നു.
പീഡന ദൃശ്യങ്ങൾ അടങ്ങിയ സിഡികൾ അടക്കം ഇയാളുടെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കടുവാതോൽ പിടിച്ചെടുത്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ഇയാൾക്ക് വി.ഐ.പി പരിഗണന നൽകിയതും വിവാദമായിരുന്നു.
ഒരു സമയത്ത് വിവാദങ്ങളിലൂടെ വാർത്തകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഇയാൾ.
ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ പുറത്തിറങ്ങിയശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ആയിരുന്നു ജീവിതം.
അനധികൃതമായി സന്തോഷമാധവൻ കയ്യടക്കി വെച്ചിരുന്ന ഭൂമി കഴിഞ്ഞവർഷം സർക്കാർ ഏറ്റെടുത്തിരുന്നു.
Content Highlight: Self claimed godman Santhosh Madhavan died