|

ഇസ്രഈല്‍-ഫലസ്തീന്‍; 'എന്റെ ഒരു പോസ്റ്റ് കൊണ്ട് ഒന്നും മാറില്ല' സോഷ്യല്‍മീഡിയ വിട്ട് സെലീന ഗോമസ്; വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന സെലീന ഗോമസിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ലോകത്ത് നടക്കുന്ന ഭീകരതയും വിദ്വേഷവും അക്രമവും കാണുമ്പോള്‍ തന്റെ ഹൃദയം തകരുന്നുവെന്നും, തനിക്ക് ലോകത്തെ മാറ്റാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ടെങ്കിലും തന്റെ ഒരു പോസ്റ്റ് കൊണ്ട് ഒന്നും മാറില്ലെന്നുമാണ് സെലീന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് സെലീനയുടെ ഈ പോസ്റ്റാണ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളവരില്‍ ഒരാളാണ് സെലീന ഗോമസ്. 430 മില്യണിലധികം ഫോളോവേഴ്‌സാണ് സെലീനക്കുള്ളത്. ഇത്രയധികം ഫോളോവേഴ്‌സുണ്ടായിട്ടും തന്റെ പോസ്റ്റ് കൊണ്ട് ഒന്നും മാറില്ലെന്നുള്ള സെലീനയുടെ നിലപാടാണ് ആരാധകരെ നിരാശയിലാക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആളുകളില്‍ ഒരാളായിട്ടും തന്റെ പോസ്റ്റ് ഒരു മാറ്റവും വരുത്തില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ്. കാരണം ലോകത്ത് നടക്കുന്ന ഭീകരതയും വിദ്വേഷവും അക്രമവും കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. ആളുകള്‍ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി വെറുപ്പോടെ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതും ഭയാനകമായ കാര്യമാണ്. എല്ലാ ആളുകളെയും സംരക്ഷിക്കണം, പ്രത്യേകിച്ച് കുട്ടികളെ. നന്മയ്ക്കായി അക്രമം അവസാനിപ്പിക്കുകയും വേണം.

എന്നോട് ക്ഷമിക്കണം, എല്ലാവര്‍ക്കും എന്റെ വാക്കുകളോ ഹാഷ്ടാഗോ മതിയാകില്ല. നിരപരാധികള്‍ ദ്രോഹിക്കപ്പെടുമ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിയില്ല. അതാണ് എന്നെ മടുപ്പിക്കുന്നത്. എനിക്ക് ലോകത്തെ മാറ്റാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു പോസ്റ്റ് കൊണ്ട് ഒന്നും മാറില്ല,’ സെലീനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ പൂര്‍ണരൂപം.

സെലീന ഇത്തരത്തില്‍ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ട കാര്യം പോപ്പ് ബേസ് (എന്റര്‍ടെയ്‌മെന്റ് ന്യൂസ് സൈറ്റ്) ഉള്‍പ്പെടെയുള്ള പല ആഗോള മാധ്യമങ്ങളും തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് താഴെയാണ് സെലീനയുടെ ആരാധകര്‍ പോലും വന്ന് വിമര്‍ശിച്ചു കൊണ്ട് കമന്റുകള്‍ ഇടുന്നത്.

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇത്രയും കാലം സെലീന ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ നിരപരാധികളായ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമത്തെ സെലീന അപലപിച്ചപ്പോഴും, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആളുകളില്‍ ഒരാളായിട്ടും വിഷയത്തില്‍ സെലീനയെ പോലെയൊരാള്‍ സംസാരിച്ചാല്‍ അതുണ്ടാക്കുന്ന സ്വാധീനം എത്ര വലുതാണെന്ന് അവര്‍ക്ക് അറിയില്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്.

Content Highlight: Selena Gomez Takes A Break From Social Media

Latest Stories

Video Stories