| Saturday, 19th March 2022, 6:54 pm

തുടക്കത്തിലേ കല്ലുകടിയോ; രോഹിത്തിനെ പിണക്കാനൊരുങ്ങി സെലക്ടര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2022 ടി-20 ലോകകപ്പിന് മുമ്പായി ശക്തമായ തീരുമാനത്തിനൊരുങ്ങി സെലക്ഷന്‍ കമ്മിറ്റി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രിയപ്പെട്ട താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കടുത്ത തീരുമാനത്തിലേക്കാണ് സെലക്ഷന്‍ കമ്മിറ്റി വിരല്‍ ചൂണ്ടുന്നത്.

പ്രതിഭാധനരായ യുവതാരങ്ങളുടെ അതിപ്രസരം കാരണം പല സീനിയര്‍ താരങ്ങളെയും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്താക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. മുഹമ്മദ് ഷമി, ആര്‍. അശ്വിന്‍ എന്നിവരടക്കം പുറത്താകുമെന്നാണ് സൂചന.

ടി-20യില്‍ മാത്രമല്ല, തുടര്‍ന്നുവരുന്ന ഏകദിനത്തിലും ഇവര്‍ പുറത്തിരിക്കേണ്ടി വരും.

ഈയിടെയാണ് ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ പരസ്യമായി പിന്തുണച്ചുകൊണ്ട് രോഹിത് ശര്‍മ രംഗത്തെത്തിയത്. അശ്വിന്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി കളിക്കണമെന്നായിരുന്നു രോഹിത് പറഞ്ഞിരുന്നത്.

രോഹിത്തിന്റെ പ്രിയ താരങ്ങളില്‍ ഒരുവനാണ് അശ്വിന്‍. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളില്‍ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തൃപ്തരല്ല.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ബാറ്റിംഗിലോ ബൗളിംഗിലോ ഒപ്പം, ഫീല്‍ഡിംഗിലും മികവുപുലര്‍ത്തുന്ന മള്‍ട്ടി സ്‌കില്‍ഡ് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

35കാരനായ അശ്വിന്‍ ബൗളിംഗില്‍ നല്ല പ്രകടനം കാഴ്ചവെക്കുമ്പോളും ഫീല്‍ഡിംഗ് അടക്കമുള്ള മറ്റ് മേഖലകളില്‍ ഏറെ പിന്നിലാണ്. ഇതാണ് താരത്തിന് ടീമിന് പുറത്തേക്കുള്ള വഴി തുറക്കാന്‍ കാരണം.

Content Highlight:  Selectors ready to drop Rohit Sharma’s favorite bowler from Team India

We use cookies to give you the best possible experience. Learn more