തമിഴിലെ മികച്ച സംവിധായകരുടെ ലിസ്റ്റ് എടുത്താല്‍ മുന്‍പന്തിയില്‍ വെക്കാവുന്നയാളാണ് സെല്‍വരാഘവന്‍. സഹോദരനായ ധനുഷിനെ നായകനാക്കി 20023ല്‍ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് സെല്‍വരാഘവന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പുതുപേട്ടൈ, 7ജി റെയിന്‍ബോ കോളനി, ആയിരത്തില്‍ ഒരുവന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സംവിധാനത്തിന് പുറമെ അഭിനയത്തിലും സെല്‍വ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നവാഗതനായ സിദ്ധാര്‍ത്ഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സൊര്‍ഗവാസല്‍ എന്ന ചിത്രത്തിലാണ് സെല്‍വ ഇപ്പോള്‍ അഭിനയിക്കുന്നത്. ആര്‍.ജെ. ബാലാജി നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സെല്‍വരാഘവന്‍. ചിത്രതതിന്റെ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം താന്‍ അതിന്റെ സംവിധായകനെ ഒരുപാട് ബുദ്ധിമുട്ടിച്ചെന്ന് സെല്‍വ പറഞ്ഞു.
ഇത് നിങ്ങളാണോ എഴുതിയതെന്ന് 20 തവണയെങ്കിലും താന്‍ അയാളോട് ചോദിച്ചിട്ടുണ്ടെന്നും അതുപോലൊരു സ്‌ക്രിപ്റ്റ് തയാറാക്കാന്‍ വളരെ കഷ്ടമാണെന്നും സെല്‍വ കൂട്ടിച്ചേര്‍ത്തു. ഇതുപോലൊരു സിനിമ തനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ആലോചിച്ച് അയാളോട് അസൂയ തോന്നിയെന്നും സെല്‍വ പറഞ്ഞു.
ജയില്‍ പ്രമേയമായിട്ടുള്ള സിനിമകള്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമാണ് സൊര്‍ഗവാസലെന്നും യഥാര്‍ത്ഥ ജയിലിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും സെല്‍വരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ആ സ്‌ക്രിപ്റ്റ് വായിച്ചതിന്റെ തരിപ്പില്‍ ഇരിക്കുകയാണെന്നും സെല്‍വ പറഞ്ഞു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് സെല്‍വ ഇക്കാര്യം പറഞ്ഞത്.
‘ആ സിനിമയുടെ സ്‌ക്രിപറ്റ് വായിച്ചതിന് ശേഷം അതിന്റെ സംവിധായകനെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. മിനിമം 20 തവണയെങ്കിലും ഇത് നിങ്ങളാണോ എഴുതിയതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. എനിക്ക് ഇതുപോലൊരു സിനിമ ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നായിരുന്നു ആ സമയത്ത് എന്റെ ചിന്ത. കാരണം അതുപോലെ ഒരെണ്ണം ഞാനെന്റെ ജീവിതത്തില്‍ വായിച്ചിട്ടില്ല.
ജയില്‍ പ്രധാന തീമായി വന്നിട്ടുള്ള ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ സിനിമ അതില്‍ നിന്ന് വ്യത്യസ്തമാണ്. ഒറിജിനല്‍ ജയിലിലാണ് ഈ പടം ഷൂട്ട് ചെയ്തത്. ഷൂട്ടിന് വേണ്ടി അകത്ത് കേറുമ്പോള്‍ അവര്‍ ഗേറ്റ് പൂട്ടും. നമ്മളും ജയിലിലായ ഫീലായിരുന്നു. ഇപ്പോഴും ആ സ്‌ക്രിപ്റ്റ് വായിച്ചതിന്റെ തരിപ്പ് വിട്ടുമാറിയിട്ടില്ല,’ സെല്‍വരാഘവന്‍ പറഞ്ഞു.
Content Highlight: Selavaraghavan shares his experience of Sorgavaasal movie shoot