സേലം: തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരനെ പൊലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലായിരുന്നു മര്‍ദനം.
സേലം സ്വദേശിയായ മുരുകേശനാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളമാണ് പൊലീസ് ഇദ്ദേഹത്തെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സേലം ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.
എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തില്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റോഡില്‍ വീണ മുരുകേശനെ റോഡിലിട്ടും പൊലീസുകാരന്‍ തല്ലിച്ചതച്ചു.
സംഭവം വിവാദമായതോടെ ക്രൂരമര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ തൂത്തുക്കുടിയില്‍ ജയരാജ് എന്ന കച്ചവടക്കാരനെയും മകന്‍ ബെന്നിക്‌സിനേയും പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.