ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെയും പ്രൊഫഷണലുകളുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഏകപക്ഷീയമായി പിടിച്ചെടുക്കുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. മാധ്യമപ്രവര്‍ത്തകരുടെ താത്പര്യങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കേണ്ടതാണെന്ന് സുപ്രീംകോടതി പറഞ്ഞു.
അന്വേഷണ ഏജന്‍സികളുടെ അന്യായമായ ഇടപെടലുകള്‍ക്കെതിരെ ‘ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണലുകള്‍’ അഡ്വക്കേറ്റ് രാഹുല്‍ നാരായണ്‍ മുഖേന നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സങ്കീര്‍ണ്ണവും നിയപരമായും ഒട്ടനവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഗര്‍വാള്‍ കോടതിയോട് വ്യക്തമാക്കി.
വാദത്തെ ശരിവെച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നവര്‍ക്ക് ഉപകരണങ്ങളിലെ ഡാറ്റകള്‍ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഏകപക്ഷീയമായി മാധ്യമസ്ഥാപനത്തെയും പ്രവര്‍ത്തകരെയും ചൂഷണം ചെയ്യുന്ന അവസ്ഥക്കെതിരെ നിയമപരമായി പുതിയ വ്യവസ്ഥകള്‍ രൂപീകരിക്കണമെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു. ഏജന്‍സികള്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്ന അവസ്ഥയെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ ബയോമെട്രിക്കടക്കമുള്ള വിവരങ്ങള്‍ നല്‍കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കുന്ന അവസ്ഥയെ കുറിച്ചും അഭിഭാഷകന്‍ അഗര്‍വാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആശയഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥര്‍ ഈ പ്രവണത തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ എല്ലാവരുടെയും പൊതുശത്രുവാണെന്നും സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനാലാണ് ഇത്തരത്തില്‍ ശത്രുത നേരിടേണ്ടി വരുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് അവകാശങ്ങളുണ്ടെന്ന കാര്യം സമ്മതിക്കുന്നുവെന്നും, എന്നാല്‍ മാധ്യമങ്ങള്‍ നിയമത്തിന് അതീതരല്ലെന്ന കോടതിയുടെ നിരീക്ഷണത്തില്‍ തങ്ങള്‍ നിയമം സ്ഥാപിക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളുവെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.
ന്യൂസ്‌ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തില്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അനവധി മാധ്യമ സംഘടനകള്‍ തങ്ങളെ സംരക്ഷിക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
Content Highlight: Seizure of journalists’ digital devices is serious; Supreme Court