കഴിഞ്ഞ രണ്ടര വര്‍ഷമായി തന്റെ കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 2019ന് ശേഷം താരം ഇതുവരെ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല.
എന്നാല്‍ ഒരു കാലത്ത് ഇന്ത്യയുടെ സെഞ്ച്വറി മെഷീനായരുന്നു വിരാട്. കഴിഞ്ഞ രണ്ടര വര്‍ഷമായി സെഞ്ച്വറി ഇല്ലാഞ്ഞിട്ടും 70 സെഞ്ച്വറികളാണ് താരത്തിന്റെ പേരില്‍ ഉള്ളത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി വിരാടിനെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് താരം സെവാഗ്. വിരാടിന്റെ കഷ്ടകാലം അവസാനിച്ചുവെന്നും ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സെവാഗിന്റെ അഭിപ്രായം.
അതോടൊപ്പം വിരാട് എന്നാണ് അവസാനമായി സെഞ്ച്വറിയടിച്ചത് എന്ന് തനിക്കോര്‍മയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എപ്പോഴാണ് കോഹ്‌ലി അവസാനമായി സെഞ്ച്വറി നേടിയതെന്ന് ഓര്‍ക്കുന്നുണ്ടോ? ഞാന്‍ പോലും ഓര്‍ക്കുന്നില്ല. പരമ്പര നിര്‍ണയിക്കുന്ന അഞ്ചാം ടെസ്റ്റില്‍ അദ്ദേഹം വലിയ സ്‌കോര്‍ ലക്ഷ്യമിടുമെന്നുറപ്പാണ്,” സെവാഗ് പറഞ്ഞു.
”അവന്റെ മോശം ദിനങ്ങള്‍ അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നു, അവന്റെ നല്ല ദിവസങ്ങള്‍ ഇതിനകം ആരംഭിച്ചു എന്ന് വിശ്വസിക്കുന്നു. സന്നാഹ മത്സരത്തില്‍ അദ്ദേഹം നന്നായി കളിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സെവാഗ് തെരഞ്ഞെടുത്ത ലോകകപ്പിനുള്ള ഇന്ത്യന്‍ ടോപ് ത്രീ ബാറ്റര്‍മാരില്‍ വിരാട് ഇല്ലായിരുന്നു.
രാഹുലും ഇഷന്‍ കിഷാനുമാണ് സെവാഗിന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ നായകന്‍ രോഹിത് കളിക്കണമെന്നാണ് സെവാഗ് പറയുന്നത്. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നത് ഓപ്പണിങ്ങില്‍ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ കൊണ്ടുവരാന്‍ സാധിക്കും എന്നുള്ളതാണ്.
‘ടി20യിലെ ഹാര്‍ഡ് ഹിറ്ററുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. എന്നാലും, ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ആദ്യ മൂന്ന് ബാറ്റര്‍മാരായി രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍ എന്നിവരെ കളിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം,’ സെവാഗ് പറഞ്ഞു
രോഹിത് ശര്‍മ്മയുടെയും ഇഷന്‍ കിഷാന്റെയും ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍. അല്ലെങ്കില്‍ കിഷാന്‍ കെ.എല്‍ രാഹുല്‍ എന്നിവരുടെ കോമ്പിനേഷന്‍ ആയാലും ടി20യില്‍ അത് വളരെ രസകരമായിരിക്കും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.