ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റര്‍മാരില്‍ ഒരാളാണ് സെവാഗ്. തന്റെ തുടക്കകാലത്ത് ലോവര്‍ ഓര്‍ഡര്‍ ബാറ്ററായിരുന്ന അദ്ദേഹം പിന്നീട് ഓപ്പണറാകുകയായിരുന്നു അത് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുകയായിരുന്നു. ഏത് ഫോര്‍മാറ്റായാലും അറ്റാക്ക് ചെയ്ത് കളിക്കുക എന്നതായിരുന്നു സെവാഗിന്റെ സ്‌റ്റൈല്‍.
അടുത്തിടെ ഇന്ത്യയുടെ മുന്‍ കോച്ചായിരുന്ന ന്യൂസിലാന്‍ഡുകാരനായ ജോണ്‍ റൈറ്റിനെക്കുറിച്ച് സെവാഗ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. റൈറ്റിന്റെ ഭാഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ഒരു മോശം അനുഭവത്തെക്കുറിച്ചായിരുന്നു സെവാഗ് തുറന്നുപറഞ്ഞത്. 2000ലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ റൈറ്റിനെ ബി.സി.സി.ഐ നിയമിക്കുന്നത്.
2005 വരെ റൈറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടായിരുന്നു. 2004ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കിടെയായിരുന്നു റൈറ്റിന്റെ ഭാഗത്ത് നിന്നും തനിക്ക് മോശം അനുഭവമുണ്ടായതെന്ന് സെവാഗ് വെളിപ്പെടുത്തി. ബി.സി.സി.ഐയുടെ മുന്‍ ജനറല്‍ മാനേജരായിരുന്ന അമിത് മാത്തൂര്‍ രചിച്ച ‘പിച്ച്സൈഡ്: മൈ ലൈഫ് ഇന്‍ ഇന്ത്യന്‍ ക്രിക്കറ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു സെവാഗ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അന്നത്തെ സംഭവത്തെക്കുറിച്ച് താന്‍ ഉടന്‍ തന്നെ ബി.സി.സി.ഐ അധികൃതരോടു പരാതിപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ ചെറിയ സ്‌കോറിനു ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്തിയ ശേഷം ജോണ്‍ റൈറ്റ് എന്നെ പിടിച്ച് തള്ളുകയും കോളറില്‍ പിടിച്ചുവലിക്കുകയുമായിരുന്നു. എനിക്കപ്പോള്‍ വലിയ ദേഷ്യമാണ് തോന്നിയത്. ഉടന്‍ തന്നെ ഈ സംഭവത്തെക്കുറിച്ച് അന്നത്തെ ടീം മാനേജരായിരുന്ന രാജീവ് ശുക്ലയോടു പരാതിപ്പെടുകയും ചെയ്തു. എങ്ങനെയാണ് ഒരു വെള്ളക്കാരന് എന്നെ തല്ലാന്‍ കഴിയുക? എന്നതായിരുന്നു എന്റെ ദേഷ്യം വര്‍ധിപ്പിച്ചത്. പിന്നീട് അമൃത് മാത്തൂറും രാജീവ് ശുക്ലയും ചേര്‍ന്ന് എന്നെയും റൈറ്റിനെയും ഒരുമിച്ച് വിളിച്ചുചേര്‍ത്ത് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി,’ സെവാഗ് പറഞ്ഞു.
ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ പ്രതിസന്ധിയില്‍ നില്‍ക്കവെയായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും റൈറ്റിനു കഴിഞ്ഞിരുന്നു. 2003ലെ ഐ.സി.സി ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ വരെയെത്തിയത് റൈറ്റിന്റെ ശിക്ഷണത്തിലായിരുന്നു. അന്ന് കലാശപ്പോരില്‍ റിക്കി പോണ്ടിങ് നയിച്ച ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ആ സമയത്ത് ഇന്ത്യന്‍ ടീമില്‍ ഒരുപാട് യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാനും വളര്‍ത്തിയെടുക്കാനും റൈറ്റിന് സാധിച്ചിട്ടുണ്ട്.
Content Highlight: Sehwag Shares His Bad Experience with John Wright