Sports News
ധോണി ടീമില്‍ നിന്നും പുറത്താക്കി, അന്ന് സച്ചിന്‍ എന്നെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഉറപ്പായും വിരമിക്കുമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 01, 08:38 am
Wednesday, 1st June 2022, 2:08 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. 2008ല്‍ ഓസീസിനെതിരായ മത്സരത്തില്‍ നിന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സേവാഗിനെ ടീമില്‍ നിന്നും പുറത്താക്കിയത്.

ടീമില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ തന്നെ ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ ആലോചിച്ചിരുന്നുവെന്നും, ശേഷം ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനമെന്നും താരം പറയുന്നു.

ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം പറയുന്നത്.

‘2008ല്‍ ഞങ്ങള്‍ ഓസ്‌ട്രേലിയയിലായിരിക്കുമ്പോള്‍ പ്ലെയിംഗ് ഇലവനില്‍ നിന്നും ധോണി എന്നെ പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്നാല് മത്സരങ്ങളില്‍ എനിക്ക് കാര്യമായി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് എന്നെ ടീമില്‍ നിന്നും പുറത്താക്കിയത്.

അതോടെ ഏകദിനത്തില്‍ നിന്നും വിരമിക്കാനും ടെസ്റ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമായിരുന്നു എന്റെ ചിന്ത,’ സേവാഗ് പറയുന്നു.

6, 33, 11, 14 എന്നിങ്ങനെയായിരുന്നു സേവാഗിന്റെ സ്‌കോര്‍. ഇതോടെയാണ് താരത്തെ പ്ലെയിംഗ് ഇലവനില്‍ നിന്നും പുറത്താക്കിയത്.

സച്ചിനാണ് തന്നെ വിരമിക്കലില്‍ നിന്നും തടഞ്ഞതെന്നും അദ്ദേഹം തടഞ്ഞില്ലായിരുന്നുവെങ്കില്‍ താന്‍ തീര്‍ച്ചയായും വിരമിക്കുമായിരുന്നുവെന്നും സേവാഗ് പറയുന്നു.

‘സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് എന്നെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും തടഞ്ഞത്. മോശം കാലം കടന്നുപോകുമെന്നും വീട്ടിലെത്തിയ ശേഷം വീണ്ടും ചിന്തിക്കാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു,’ സേവോഗ് പറയുന്നു.

സച്ചിന്റെ നിര്‍ദേശപ്രകാരം സേവാഗ് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതിന് ശേഷം ഏഴ് വര്‍ഷത്തോളം സേവാഗ് ഏകദിനത്തില്‍ ഇന്ത്യയയെ പ്രതിനിധീകരിച്ചിരുന്നു.

അന്ന്, 2008ല്‍ വിരമിച്ചിരുന്നുവെങ്കില്‍ 2011ലെ ലോകകപ്പ് സേവാഗ് കളിക്കില്ലായിരുന്നു. 2015ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

 

Content Highlight: Sehwag says he thought of retiring after Dhoni dropped him from the team