ലോകക്രിക്കറ്റില്‍ ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ആരാധകരും താരങ്ങളും മീഡിയയും ഒരുപോലെ ആഘോഷമാക്കുന്ന മറ്റൊരു മത്സരമുണ്ടാകില്ല.
വാശിയേറിയ പോര്‍വിളികളും പോരാട്ടങ്ങളും തന്നെ ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങളില്‍ കാണാന്‍ സാധിക്കും. ഈ മത്സരം ഒരു മത്സരമെന്നതിനപ്പുറത്തേക്ക് വികാരമായി കാണുന്നവരും കുറവല്ല.
ഏറെ നാളുകള്‍ക്ക് ശേഷം മറ്റൊരു ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ആ മാസം 28ന് നടക്കാനിരിക്കെ പഴയ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ഓര്‍മകള്‍ അയവിറക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്.
2003ലെ ലോകകപ്പിലെ പ്രശസ്തമായ സച്ചിന്‍-അക്തര്‍ പോരാട്ടത്തെ കുറിച്ചാണ് സേവാഗ് ഇവിടെ സംസാരിക്കുന്നത്. അന്ന് അക്തര്‍ എറിയാന്‍ വന്ന ആദ്യ ഓവറില്‍ തന്നെ 18 റണ്‍സാണ് സച്ചിന് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 98 റണ്‍സെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
അക്തറിനെ അടിച്ചുകൂട്ടിയതിന് ശേഷം അന്നത്തെ യുവതാരമായിരുന്ന ഷാഹിദ് അഫ്രീദി സച്ചിനെ ഒരുപാട് അബ്യൂസ് ചെയ്‌തെന്നാണ് സേവാഗ് പറയുന്നത്. എന്നാല്‍ അദ്ദേഹം ഒരു കൂസലുമില്ലാതെ മത്സരത്തില്‍ തന്നെ ഫോക്കസ് ചെയത് നിന്നുവെന്നും സേവാഗ് പറഞ്ഞു.
മത്സരത്തിനിടെ കാല്‍വേദന അനുഭവപ്പെട്ട സച്ചിനായി റണ്ണര്‍ അപ്പ് നില്‍ക്കാന്‍ സേവാഗ് ക്രീസിലെത്തിയരുന്നു.
‘ഇതൊരു പ്രധാന മത്സരമായിരുന്നു. സച്ചിനെപ്പോലൊരാള്‍ ക്രീസില്‍ തുടരണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. അതിനിടെ, പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി അദ്ദേഹത്തെ നിരന്തരം അധിക്ഷേപിച്ചുവെങ്കിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു തന്നെ ക്രീസില്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടതിനാല്‍ എന്നെ അവന്റെ റണ്ണറായി വിളിക്കുകയും ചെയ്തു.
ഞാന്‍ വന്നാല്‍ ഞാനും അദ്ദേഹത്തെ പോലെ ഓടുമെന്ന് സച്ചിനറിയാമായിരുന്നു, തെറ്റിദ്ധാരണകള്‍ ഉണ്ടാകില്ല എന്നുറപ്പായിരുന്നു. അതിനാല്‍, അദ്ദേഹം എന്നെ വിളിച്ചു, അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലോകകപ്പ് ഇന്നിങ്‌സ് കാണാന്‍ എനിക്ക് സാധിച്ചു,’ സേവാഗ് പറഞ്ഞു.
മത്സരത്തിന് മുമ്പ് സച്ചിനെ പുറത്താക്കുമെന്ന് വെല്ലുവിളിച്ചുകൊണ്ടായിരുന്നു അക്തര്‍ ഇറങ്ങിയത്. എന്നാല്‍ സച്ചിന്‍ അതിന് നല്ല സ്‌റ്റൈലായിട്ട് തന്നെ മറുപടി കൊടുത്തു.
75 പന്തില്‍ 98 റണ്‍സും അക്തറിന്റെ ആദ്യ ഓവറില്‍ 18 റണ്‍സും അതിനുള്ള ക്ലാസ് മറുപടിയായിരുന്നു. സ്‌ക്വയറിന് മുകളിലൂടെയുള്ള സച്ചിന്റെ സിക്‌സര്‍ ഇന്നും ആരാധകര്‍ ഓര്‍ക്കുന്നതാണ്.
Content Highlight: Sehwag says Afridi Abused Sachin Tendulkar