മുംബൈ: ഐ.പി.എല്‍ ലേലത്തിന്റെ അവസാന നിമിഷം വരെ ആരും വാങ്ങാതിരുന്ന ക്രിസ് ഗെയിലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെടുത്തത് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായ ഗെയിലിനെ ആരും എടുക്കാതിരുന്നതു തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു. ഒടുവില്‍ അടിസ്ഥാന വിലയ്ക്കാണ് ഗെയിലിനെ പഞ്ചാബ് വാങ്ങിയത്.
ഓക്ഷണറായ റിച്ചാര്‍ഡ് മാഡ്‌ലി ഗെയിലിന്റെ പേര് രണ്ടാം ദിനവും വിളിച്ചു പറഞ്ഞപ്പോഴും ആരും മുന്നോട്ട് വന്നില്ലായിരുന്നു. എന്നാല്‍ അപ്രതീക്ഷതമായി പഞ്ചാബ് ടീമുടമ പ്രീതി സിന്റ തന്റെ ബിഡ്ഡിംഗ് പാഡില്‍ ഉയര്‍ത്തുകയായിരുന്നു. അതിന് മുന്നോടിയായി പ്രീതിയുടെ ചെവിയില്‍ ടീമിന്റെ മെന്റര്‍ സെവാഗ് എന്തോ പറഞ്ഞു കൊടുക്കുന്നതും കണ്ടിരുന്നു.
ഗെയിലിനായി മുന്നോട്ട് വരും മുമ്പ് പ്രീതിയോട് പറഞ്ഞതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. ” അദ്ദേഹം ടീമിലുള്ളത് തന്നെ വലിയ കാര്യമാണ്. ഏതൊരു എതിരാളിയേയും ഭയപ്പെടുത്തതാണ് ഗെയിലിന്റെ സാന്നിധ്യം.” അദ്ദേഹം പറയുന്നു.
അതേസമയം, ഗെയില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരിക്കില്ലെന്ന സൂചനയും സെവാഗ് നല്‍കി. വളരെ ഇഫക്ടീവായ ട്വന്റി-20 താരമാണ് ഗെയിലെന്നും അദ്ദേഹത്തിന്റെ ബ്രാന്റ് മൂല്യം വളരെ വലുതാണെന്നും പറഞ്ഞ സെവാഗ് ഗെയിലിനെ ഓപ്പണിംഗ് സ്ലോട്ടിലേക്കുള്ള ബാക്ക് അപ്പായാണ് ടീമിലെടുത്തതെന്നും പറഞ്ഞു.
ഗെയിലിനു പുറമെ വെടിക്കെട്ട് അടിയ്ക്ക് പേരുകേട്ട, ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഡേവിഡ് മില്ലര്‍ തുടങ്ങിയവരും പഞ്ചാബിലാണ്. കൂടെ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും മയങ്ക് അഗര്‍വാളും കെ.എല്‍ രാഹുലും കരുണ്‍ നായരും പഞ്ചാബിലുണ്ട്.