| Saturday, 26th August 2023, 9:53 pm

പ്രതീക്ഷ മുഴുവന്‍ അവനില്‍; ലോകകപ്പില്‍ തൂക്കിടയടിക്കുമെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. നാല് വര്‍ഷത്തിന് ശേഷമെത്തുന്ന ലോകകപ്പ് സ്വന്തമാക്കാന്‍ എല്ലാ ടീമുകളും മികച്ച സ്‌ക്വാഡിനെ തെരഞ്ഞെടുക്കാനുള്ള ഓട്ടത്തിലാണ്.

ഇന്ത്യയില്‍ വെച്ചാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്. 2011ന് ശേഷം ഇപ്പോഴാണ് ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. 2011ല്‍ എം.എസ്. ധോണിയുടെ കീഴില്‍ ഇന്ത്യയായിരുന്നു ലോകകപ്പ് നേടിയത്. ലോകകപ്പ് വീണ്ടും ഇന്ത്യയില്‍ എത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഏഷ്യാ കപ്പിന് ശേഷം മികച്ച സ്‌ക്വാഡിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ നായകന്‍ രോഹിത് ശര്‍മ ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ ആകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വിരേന്ദര്‍ സെവാഗ്.

ഇന്ത്യയിലെ പിച്ച് ബാറ്റര്‍മാരെ പിന്തുണക്കുന്നവരാണെന്നും അതിനാല്‍ തന്നെ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ കുറച്ച് എളുപ്പമായിരിക്കുമെന്നാണ് സെവാഗ് പറയുന്നത്.

‘ഇന്ത്യയിലെ വിക്കറ്റുകള്‍ നല്ലതാണ്, അതിനാല്‍ ഓപ്പണര്‍മാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒരാളെ തെരഞ്ഞെടുക്കണമെങ്കില്‍, രോഹിത് ശര്‍മയുടെ പേരാണ് ഞാന്‍ പറയുക. രണ്ട് മൂന്ന് വേറെ പേരുകളുമുണ്ട് എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്കൊരു ഇന്ത്യക്കാരനെ തെരഞ്ഞടുക്കണം, അതുകൊണ്ട് രോഹിത്തിന്റെ പേര് പറയുന്നു,’ സെവാഗ് പറഞ്ഞു.

ബിഗ് ഇവന്റ് രോഹിത്തിന്റെ എനര്‍ജി മറ്റൊരു തലത്തിലെത്തുമെന്നും വീരും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 2019 ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി രോഹിത് അടിച്ചുകൂട്ടിയിരുന്നു. എന്വാല്‍ രോഹിത്തിന്റെ പ്രകടനമൊന്നു ഇന്ത്യയെ രക്ഷിക്കാന്‍ സാധിച്ചില്ല സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് പുറത്താകാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി.

81 ശരാശരിയില്‍ 648 റണ്‍സാണ് താരം ലോകകപ്പില്‍ അടിച്ചുകൂട്ടിയത്. ഇത്തവണയും ഈ രോഹിത് മാജിക്ക് സംഭവിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.

Content Highlight: Sehwag Predicts Rohit Sharma Will be the Top Scorer Of the World Cup 2023

We use cookies to give you the best possible experience. Learn more