| Tuesday, 6th September 2022, 8:56 am

അങ്ങനെ സംഭവിച്ചാല്‍ ഇത് ഉറപ്പിച്ചോളൂ, വരാന്‍ പോകുന്നത് പാകിസ്ഥാന്റെ വര്‍ഷം; ആരെയും കൂസാതെ സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് എല്ലാവരും കാത്തിരിക്കുകയാണ്. പാകിസ്ഥാനുമായുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനെ അനാവശ്യ വിവാദമാക്കി മാറ്റുന്നവരുമുണ്ട് ഇതിനിടയില്‍.

പാകിസ്ഥാനോട് പരാജയപ്പെടുന്നതിനെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്ന കാഴ്ചയും ബോളര്‍ അര്‍ഷ്ദീപ് സിങ്ങിനെ ഖാലിസ്ഥാനിയാക്കുന്ന വ്യാജവാദങ്ങളും കഴിഞ്ഞ ദിവസം കണ്ടു.

ഇതിനിടയില്‍ സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സായി തന്നെ വിലയിരുത്തുന്ന കമന്റുമായെത്തിയിരിക്കുകയാണ് സേവാഗ്. ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന അടുത്ത മാച്ച് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണെന്നും ഇന്ത്യ അതില്‍ പരാജയപ്പെട്ടാല്‍ പിന്നീട് ജേതാക്കളാകാന്‍ സാധ്യത പാകിസ്ഥാനാണെന്ന് പറയുകയാണ് സേവാഗ്.

‘അടുത്ത മാച്ചില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും. ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു മാച്ചില്‍ പരാജയപ്പെട്ടതുകൊണ്ട് അടുത്ത മാച്ച് കൂടി കൈവിട്ടാല്‍ പിന്നെ പുറത്താകലല്ലാതെ വേറെ വഴിയില്ല.

പാകിസ്ഥാന്റെ കാര്യം നോക്കിയാല്‍, അവര്‍ ഒരു മാച്ചില്‍ പരാജയപ്പെടുകയും അടുത്ത മാച്ചില്‍ ജയിക്കുകയും ചെയ്താലും പാകിസ്ഥാന്‍ ഫൈനലിലെത്തും. കാരണം അവര്‍ രണ്ട് കളിയില്‍ ജയിക്കുമല്ലോ. ഒന്നിലല്ലേ തോല്‍ക്കുന്നുള്ളു.

അതുകൊണ്ട് ഇന്ത്യക്കാണ് സമ്മര്‍ദം. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതും ഏറെ കാലത്തിന് ശേഷമാണ്. അതുകൊണ്ട് ഈ വര്‍ഷം പാകിസ്ഥാന്റേതാകാന്‍ തന്നെയാണ് സാധ്യത,’ സേവാഗ് പറഞ്ഞു.

2014ലാണ് പാകിസ്ഥാന്‍ അവസാനമായി ഏഷ്യാ കപ്പ് ഫൈനല്‍ കളിച്ചത്. ആ മാച്ചില്‍ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. രണ്ട് തവണയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ ജയിച്ചിട്ടുള്ളത്. അതേസമയം ഇന്ത്യയും ശ്രീലങ്കയും ഏഴും അഞ്ചും തവണ കപ്പില്‍ മുത്തമിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോറില്‍ മുഹമ്മദ് റിസ്വാന്റെ പ്രകടനത്തിന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചത്. 51 ബോളില്‍ നിന്നും 71 റണ്‍സാണ് പാക് താരം അടിച്ചു കൂട്ടിയത്.

Content Highlight: Sehwag predicts Pakistan winning Asia Cup 2022

We use cookies to give you the best possible experience. Learn more