| Sunday, 2nd July 2023, 12:42 pm

ഇവിടെ മുങ്ങിപ്പോകാന്‍ ഇനിയൊന്നും ബാക്കിയില്ല എന്നതാണ് ഏക ആശ്വാസം; വിന്‍ഡീസിന്റെ തകര്‍ച്ചയില്‍ സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യയില്‍ നടക്കുന്ന 2023 ഏകദിന വേള്‍ഡ് കപ്പ് കളിക്കാന്‍ യോഗ്യത നേടാന്‍ സാധിക്കാത്തതതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. എത്രത്തോളം മികച്ച താരങ്ങളുണ്ടായിട്ടും കാര്യമില്ലെന്നും മാനേജ്‌മെന്റ് നന്നായാല്‍ മാത്രമേ ടീമിന് ഉയരങ്ങളിലേക്കെത്താന്‍ സാധിക്കുമെന്നും സേവാഗ് പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്തൊരു നാണക്കേടാണിത്. വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പ് യോഗ്യത നേടാന്‍ സാധിച്ചില്ല. കഴിവുള്ള താരങ്ങള്‍ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, പൊളിറ്റിക്‌സ് ഇല്ലാത്ത താരങ്ങളെ ശ്രദ്ധിക്കുന്ന ഒരു മാനേജ്‌മെന്റും ആവശ്യമാണ്. ഇവിടെ നിന്ന് ഇനി കൂടുതല്‍ മുങ്ങിപ്പോകാനില്ല എന്നത് മാത്രമാണ് ആശ്വാസം നല്‍കുന്നത്,’ സേവാഗ് പറഞ്ഞു.

48 വര്‍ഷത്തില്‍ ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോകുന്നത്. ലോകകപ്പിന്റെ ആദ്യ മൂന്ന് പതിപ്പുകളിലും ഫൈനലില്‍ പ്രവേശിച്ച, ആദ്യ രണ്ട് പതിപ്പുകളിലും ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിനായി ക്വാളിഫയര്‍ കളിക്കേണ്ടി വരികയും യോഗ്യത ലഭിക്കാതെ പോവുകയും ചെയ്തതില്‍ ആരാധകരും ഏറെ നിരാശരാണ്.

കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനോട് തോറ്റതിന് പിന്നാലെയാണ് വിന്‍ഡീസിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ഏഴ് വിക്കറ്റും 39 പന്തും ബാക്കി നില്‍ക്കവെയാണ് സ്‌കോട്ലാന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെറും 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ടീമിലെ സൂപ്പര്‍ താരങ്ങളില്‍ പലരും ഡക്കായും ഇരട്ടയക്കം കാണാതെയും പുറത്തായതോടെ വിന്‍ഡീസിന്റെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

45 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറും 36 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡുമാണ് വെസ്റ്റ് ഇന്‍ഡീസിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

സ്‌കോട്‌ലാന്‍ഡിനായി ബ്രാന്‍ഡന്‍ മക്മുള്ളന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക് വാട്ട്, ക്രിസ് ഗ്രീവ്സ്, ക്ലിസ് സോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സാഫിയാന്‍ ഷരിഫാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

182 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സ്‌കോട്ലാന്‍ഡ് ബ്രാന്‍ഡന്‍ മക്മുള്ളന്റെയും വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ അനായാസ വിജയം പിടിച്ചടക്കുകയായിരുന്നു.

Content highlight: Sehwag on West Indies’ loss to Scotland

We use cookies to give you the best possible experience. Learn more