ന്യൂദല്‍ഹി: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വീരേന്ദര്‍ സേവാഗ്. ഈ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമെന്നും മുന്‍ ഇന്ത്യന്‍ താരം ട്വീറ്റ് ചെയ്തു.
സേവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബോര്‍ഡിങ്ങിന് കീഴിലാണ് അനാഥരായ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുകയെന്നും താരം വിശദീകരിച്ചു. ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ ദുരന്ത ചിത്രം പങ്കുവെച്ചാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഈ വാര്‍ത്ത പങ്കുവെച്ചത്.
‘ഈ ചിത്രം വളരെക്കാലം നമ്മെ വേട്ടയാടും. ഈ ദു:ഖസമയത്ത്, ഈ ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബോര്‍ഡിംഗ് സൗകര്യത്തില്‍ ഞാന്‍ അത്തരം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു’ സേവാഗ് ട്വീറ്റ് ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വന്ന എല്ലാവരേയും സൂപ്പര്‍താരം അഭിനന്ദിച്ചു. ‘രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന എല്ലാ ധീരരായ വ്യക്തികളേയും, മെഡിക്കല്‍ ടീമിനെയും, സ്വമേധയാ രക്തം ദാനം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു. നമ്മള്‍ ഒരുമിച്ചാണ്’ സേവാഗ് കൂട്ടിച്ചേര്‍ത്തു.