മുംബൈ: ഒരു വിഭാഗം ആരാധകരും വി.വി.എസ് ലക്ഷ്മണിനെപ്പോലുള്ള മുന്‍ താരങ്ങളും ധോണിയുടെ വിരമിക്കലിന് മുറവിളി കൂട്ടുകയാണ്. ഇതിനിടെ തന്റെ നിലപാട് വ്യക്തമാക്കി മുന്‍ ഓപ്പണര്‍ വിരേന്ദ്രര്‍ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്. ധോണിയെ ടീം ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നായിരുന്നു സെവാഗിന്റെ പ്രസ്താവന. ട്വന്റി-20യ്ക്കും ധോണിയെ ആവശ്യമുണ്ടെന്നും സെവാഗ് പറഞ്ഞു.
“ടീമില്‍ തന്റെ റോള്‍ എന്താണെന്ന് ധോണി സ്വയം തിരിച്ചറിയണം. വലിയ ടോട്ടല്‍ ചെയ്‌സ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ കളി വേഗത്തിലാക്കണം. ആദ്യ പന്തുമുതല്‍ സ്‌കോര്‍ ചെയ്യണം. ഇത് ടീം മാനേജുമെന്റ് അദ്ദേഹത്തെ ബോധ്യപ്പെടുത്തണം.” സെവാഗ് പറയുന്നു.
ക്രിക്കറ്റ് മൈതാനത്തു നി്ന്നും വിട പറഞ്ഞെങ്കിലും ഇന്നും കമന്ററിയിലൂടേയും ട്വിറ്ററിലൂടേയും ക്രിക്കറ്റുമായി അടുത്ത തന്നെയാണ് വീരു നില്‍ക്കുന്നത്. അതുകാണ്ടു തന്നെ അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പലപ്പോഴും ശരിയാകാറുമുണ്ട്. രണ്ടാം ട്വന്റി-20യിലെ പരാജയത്തെ തുടര്‍ന്ന് ധോണി വിരമിക്കണമെന്ന് ലക്ഷമണ്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ ശരിയായ സമയത്ത് ധോണി പടിയിറങ്ങിക്കോളും എന്നായിരുന്നു വീരുവിന്റെ പ്രതികരണം.
“ഇപ്പോള്‍ ടീം ഇന്ത്യയ്ക്ക് ധോണിയെ ആവശ്യമുണ്ട്. ട്വന്റി-20 ക്രിക്കറ്റിലും. ശരിയായ സമയത്ത് അദ്ദേഹം പടിയിറങ്ങും. യുവതാരങ്ങളുടെ വഴിയ്ക്ക് കുറുകെ കയറി അവന്‍ നില്‍ക്കില്ല.” സെവാഗ് പറയുന്നു.
രാജ്‌കോട്ടിലെ പ്രകടനത്തിനു പിന്നാലെ ടി ട്വന്റിയിലെ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് മുന്‍ താരങ്ങളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ മുന്‍ താരങ്ങളായ അജിത് അഗാക്കറും വി.വി.എസ് ലക്ഷ്മണും ധോണിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സെവാഗിന്റെ രംഗപ്രവേശം.