| Monday, 28th August 2017, 3:32 pm

2019ലെ ലോകകപ്പിലും ധോണി വേണോ?'; മുന്‍ ക്യാപ്റ്റനെക്കുറിച്ച് മനസ് തുറന്നു സെവാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്യാപ്റ്റന്‍ കൂളെന്ന വിശേഷണവും പേറി ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച താരമാണ് മഹേന്ദ്ര സിങ് ധോണി. എന്നാല്‍ ഏത് താരവും തന്റേതായ കാലം കഴിഞ്ഞാല്‍ ടീമില്‍ അധികപ്പറ്റ് മാത്രമാണ്. അടുത്ത കാലത്തായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി ഇനി എത്ര നാള്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്.

ഈ ചര്‍ച്ചയില്‍ പങ്കുചേര്‍ന്ന് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുയാണ് മുന്‍ നായകനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായിരുന്ന വിരേന്ദര്‍ സെവാഗ്. മഹേന്ദ്ര സിങ് ധോണിക്ക് പകരം വെക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് മറ്റൊരാളില്ലെന്നാണ് സെവാഗ് പറയുന്നത്.

2019 ല്‍ വരാനിരിക്കുന്ന ലോകകപ്പിലും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് നീലപ്പടയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

“ധോണിയുടെ അനുഭവ സമ്പത്ത് ഇന്ത്യക്ക് ഏറെ മുതല്‍ക്കൂട്ടാണ്. അദ്ദേഹം റണ്‍സ് നേടുന്നുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള ചിന്തകള്‍ അവസാനിപ്പിക്കണം. എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരേ ഫോം തുടരാനാവില്ലല്ലോ. നിലവിലെ എല്ലാതാരങ്ങള്‍ക്കും വിവിധ മത്സരങ്ങളില്‍ അവസരം നല്‍കി അതില്‍ മികച്ച ടീമിനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ചെയ്യേണ്ടത്. ആറുമാസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായാല്‍ ഇന്ത്യക്ക് പ്രതീക്ഷകളോടെ ലോകകപ്പിനെ നേരിടാനാകും” സെവാഗ് പറഞ്ഞു.

ധോണിക്ക് ഇന്ത്യന്‍ ടീമിലുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു ശ്രീ ലങ്കയുമായുള്ള അവസാന രണ്ട് ഏകദിനങ്ങള്‍. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ ധോണിയുടെ അനുഭവസമ്പത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇന്ത്യയുടെ വിജയം.

We use cookies to give you the best possible experience. Learn more