വയനാട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. ഇത് പ്രതിഷേധങ്ങളായി രൂപപ്പെടുകയാണെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ സി.പി.ഐ.എം പൊതുസമ്മേളന ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.
“മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. ജനങ്ങളെ വിഭജിച്ചുള്ള ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ രാജ്യത്ത് പ്രക്ഷോഭ പാതയിലാണ്.” യെച്ചൂരി പറഞ്ഞു.
തൊഴിലിനുവേണ്ടി യുവാക്കളും വിദ്യാര്‍ത്ഥികളും ട്രേഡ് യൂണിയനുകളും കര്‍ഷകരും നയിക്കുന്ന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും വര്‍ഗ്ഗീയതയ്ക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങള്‍ മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ കുറിച്ചുവെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
“രണ്ട് മാതൃകകളാണ് ഇന്ന് രാജ്യത്തുള്ളത് ജനങ്ങളുടെ ക്ഷേമത്തില്‍ അധിഷ്ടിതമായ കേരള മോഡലും ലാഭത്തില്‍ മാത്രം കേന്ദീകൃതമായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഗുജറാത്ത് മോഡലും. ഏത് തെരെഞ്ഞടുക്കണമെന്ന് തീരുമാനമെടുക്കേണ്ട സമയമാണിത്.”
രാജ്യത്ത് ഇന്നു നടക്കുന്നത് ഇന്ത്യന്‍ ദേശാഭിമാനികളും ഹിന്ദു ദേശീയവാദികളും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.