| Monday, 20th May 2019, 4:54 pm

സീതക്കുട്ടിയമ്മമാരുടെ വീട്

ഹരിമോഹന്‍

തൃക്കാക്കരയ്ക്കടുത്ത് കങ്ങരപ്പടിയില്‍ ഒരു വീടുണ്ട്. അമ്മമാരുടെ വീട്. വൃദ്ധസദനമെന്നോ അഭയഭവനമെന്നോ ഈ വീടിനെ വിളിക്കാനാവില്ല. ഉറ്റവരും ഉടയവരുമില്ലാത്തവരും ഉണ്ടായിട്ടും അവരാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ 14 അമ്മമാരാണ് ഇവിടെയുള്ളത്. നടത്തിപ്പുകാരുടെ കരുതലും സ്‌നേഹവും കൊണ്ട് ഇവിടെ അമ്മമാര്‍ അനാഥത്വം മറികടക്കുന്നു. എല്ലാവരും രോഗികളാണ്. പക്ഷേ ഇവിടെക്കാണുന്ന മുഖങ്ങളിലൊന്നും പരാതിയോ പരിഭവമോ ഇല്ല.

ആലുവയിലെ എടത്തലയിലും വാഴക്കാലയിലുമായി പ്രവര്‍ത്തിക്കുന്ന ‘സാന്ത്വനം’ ചാരിറ്റബിള്‍ സൊസൈറ്റിയിലെ രാധാ മേനോനാണ് കങ്ങരപ്പടിയിലെ അമ്മവീടിന്റെ സാരഥി.

പക്ഷേ ഇവരുടെ ഈ ചിരിക്കു പിറകിലും കഷ്ടപ്പാടുകള്‍ ഏറെയുണ്ട്. സ്വന്തമായി ഒരു വീടില്ല ഇവര്‍ക്ക്. ഇപ്പോള്‍ താമസിക്കുന്ന വീടിന് മാസം 25,000 രൂപയാണു വാടക. പക്ഷേ പല മാസങ്ങളിലും ഇതു കൊടുക്കാന്‍ കഴിയാറില്ല. കുടിക്കാനുള്ള വെള്ളമടക്കം പുറത്തുനിന്നു വാങ്ങണം. ചികിത്സയ്ക്കും മരുന്നിനും നല്ലൊരു തുക ചെലവാകും. നല്ല മനസ്സിനുടമകളായ ചില വ്യക്തികളുടെ സഹായം കൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ഗ്രാന്റൊന്നും അവര്‍ക്കു ലഭിക്കുന്നില്ല.

സ്വന്തമായി ഒരു വീട് വേണമെന്നാണ് കാലങ്ങളായുള്ള ഇവരുടെ ആഗ്രഹം. അതിനായി അവര്‍ കാത്തിരിപ്പ് തുടരുകയാണ്.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍