| Thursday, 12th October 2023, 9:17 pm

'ഇനി ഇങ്ങനെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യരുത്, നല്ല സിനിമകള്‍ കിട്ടില്ല'; രജിനി ചിത്രത്തില്‍ അഭിനയിച്ചതിന് ആ സംവിധായകന്‍ വഴക്ക് പറഞ്ഞു: സീത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.പി. മുത്തുരാമന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്ത് വന്ന തമിഴ് ചിത്രമാണ് ഗുരുശിഷ്യ. രജിനികാന്ത്, പ്രഭു, ഗൗതമി, സീത എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്.

ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി സംസാരിക്കുകയാണ് സീത. ചിത്രത്തില്‍ താന്‍ മോഡേണ്‍ വേഷങ്ങളാണ് ധരിച്ചതെന്നും അതിന്റെ പേരില്‍ സംവിധായകരായ ബാലചന്ദ്രയും വിശ്വനാഥനും തന്നെ വഴക്ക് പറഞ്ഞുവെന്നും സീത പറഞ്ഞു. സിനി ഉലകം ചാനലില്‍ നടി സുഹാസിനി നടത്തുന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഗ്ലാമറസായ വേഷമാണ് അത് എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ആ വസ്ത്രത്തില്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ട് തോന്നിയിരുന്നു. ഞാന്‍ അത്ര കംഫര്‍ട്ടബിളായിരുന്നില്ല. കഥാപാത്രത്തിന് ആവശ്യമാണല്ലോ എന്ന് കരുതിയാണ് അന്ന് മോഡേണ്‍ ഡ്രസ് ധരിച്ചത്. പക്ഷേ എല്ലാ ഡ്രസും മുട്ടിന് മേലെയുമായിരുന്നു.

അതില്‍ കുടിച്ചിട്ട് ഡാന്‍സ് കളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ബാലചന്ദ്ര സാര്‍ വിളിച്ചിട്ട് ഇത് എന്താണ് ചെയ്തതെന്ന് ചോദിച്ചു. ഇത് എന്ത് കഥാപാത്രമാണ്, ഇനി ഇതുപോലെ ഗ്ലാമര്‍ വേഷങ്ങളൊന്നും ചെയ്യരുത്, ഫാമിലി കഥാപാത്രങ്ങള്‍ വരുന്നില്ലേ, ഇങ്ങനെ ഇനി ചെയ്യരുത് എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. എനിക്ക് ഭയങ്കര വിഷമമായി. അത്ര മോശമായൊന്നും ഞാന്‍ ചെയ്തില്ലല്ലോ, ഇനി ഇങ്ങനെ ചെയ്യില്ല എന്ന് ഞാന്‍ വിചാരിച്ചു.

വിസു സാറും (വിശ്വനാഥന്‍) എന്നെ വിളിച്ചു. എന്തിനാണ് ഈ കഥാപാത്രം ചെയ്തത്, നിനക്കിത് ശരിയാവില്ല, ഫാമിലി ടൈപ്പ് റോള്‍ നിനക്ക് വരും, ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ അതുപോലെയുള്ളതേ വരൂ, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു. അത് എനിക്ക് വലിയ പ്രശ്‌നമായി. ഇത് ചെയ്യണ്ടായിരുന്നു എന്ന് അച്ഛനോട് പറഞ്ഞ് ഞാന്‍ കരഞ്ഞു.

അതിന് ശേഷം ഞാന്‍ മോഡേണ്‍ വസ്ത്രങ്ങളൊന്നും ധരിച്ചില്ല. പക്ഷേ ഇന്ന് ആ പാട്ട് കണ്ടാല്‍ അതില്‍ ഒന്നുമില്ല. എന്തിനാണ് ഈ വഴക്കൊക്കെ കേട്ടത്. എന്നെ എല്ലാവരും വേറെ ഒരു രീതിയിലാണ് നോക്കിയിരുന്നത്. സാരിയും ഹാഫ് സാരിയും ധരിക്കുന്ന വീട്ടിലെ കുട്ടിയായാണ് എല്ലാവരും എന്നെ കണ്ടിരുന്നത്. മോഡേണ്‍ വസ്ത്രം ധരിച്ചാല്‍ പോലും അവര്‍ക്ക് അത് സ്വീകര്യമായിരുന്നില്ല,’ സീത പറഞ്ഞു.

Content Highlight: Seetha about guru sishya movie

We use cookies to give you the best possible experience. Learn more