| Wednesday, 19th January 2022, 9:29 am

ശ്രീരംഗപട്ടണത്തെ മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയാന്‍ ആഹ്വാനം; ഋഷി കുമാരസ്വാമി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ശ്രീരംഗപട്ടണത്തെ ജാമിഅ മസ്ജിദ് തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ഋഷി കുമാരസ്വാമി അറസ്റ്റില്‍. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയതിനാണ് അറസ്റ്റ്. ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ ചിക്കമംഗളൂരുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു കുമാരസ്വാമിയുടെ ആഹ്വാനം. മസ്ജിദ് ഹനുമാന്‍ ക്ഷേത്രമാണെന്നാണ് ഇയാളുടെ വാദം.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ(എ.എസ്.ഐ) സുരക്ഷാജീവനക്കാരനായ യതിരാജിന്റെ പരാതിപ്രകാരമാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐയുടെ കീഴില്‍ പരിപാലിച്ച് വരുന്ന ചരിത്രപശ്ചാത്തലമുള്ള മസ്ജിദാണിത്. ഞായറാഴ്ചയാണ് മസ്ജിദിന്റെ മുന്നില്‍ നിന്നുകൊണ്ട് കുമാരസ്വാമി വീഡിയോ ഷൂട്ട് ചെയ്തത്.

‘മസ്ജിദിലെ കൊത്തുപണികളുള്ള തൂണുകള്‍ ക്ഷേത്രത്തിന്റേതാണ്. ഇത് പിന്നീട് മസ്ജിദാക്കി മാറ്റിയതാണ്. ഹിന്ദുക്കള്‍ ഉണരേണ്ട സമയമായി. അയോധ്യയില്‍ മസ്ജിദ് പോലെ പൊളിക്കപ്പെടേണ്ട മസ്ജിദാണ് ശ്രീരംഗപട്ടത്തിലേതും,’ ഋഷി കുമാര സ്വാമി വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

അറസ്റ്റ് ചെയ്തതിന് ശേഷവും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയാന്‍ ഹിന്ദു സംഘടനകള്‍ കൈകോര്‍ക്കണമെന്നും കുമാര സ്വാമി പറഞ്ഞു.

ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ ശ്രീരംഗപട്ടണത്തിലെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: seer-calls-for-demolition-of-jamia-masjid-in-srirangapatna-held

We use cookies to give you the best possible experience. Learn more