|

'എനിക്ക് സേതുവിനെ കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു, അവന്റെ മുഖത്ത് ഒരു പൂച്ചയും പടക്കുതിരയുമുണ്ട്': സീനു രാമസ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. അഭിനയ മികവ് കൊണ്ടും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ വൈവിധ്യം കൊണ്ടും പ്രേക്ഷകരുടെയുള്ളില്‍ പെട്ടെന്ന് ഇടം നേടാന്‍ വിജയ് സേതുപതിക്ക് സാധിച്ചിരുന്നു.

വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകരിലേക്കെത്തുന്ന വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് മാമനിതന്‍.

വിജയ് സേതുപതിയെ നായകനാക്കി ആദ്യ സിനിമ നിര്‍മിക്കാനുണ്ടായ ചിന്തയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ‘മാമനിതന്‍’ എന്ന ചിത്രത്തിന്റെ സംവിധായകനായ സീനു രാമസ്വാമി. ക്ലബ് എഫ്.എമ്മിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

‘എനിക്ക് സേതു(വിജയ് സേതുപതി)വിനെ കണ്ടപ്പോള്‍ തന്നെ ഇഷ്ടമായി. എന്തുകൊണ്ട് ഇഷ്ടമായി എന്നെനിക്കറിയില്ല. എനിക്ക് സേതുവിന്റെ കണ്ണ് ഇഷ്ടമായി. ആ കണ്ണില്‍ അത്രയും സ്‌നേഹമുണ്ടായിരുന്നു.

ഒരു നടന് ആദ്യം വേണ്ടത് സ്‌നേഹമല്ലേ. എനിക്ക് ബാല മഹീന്ദ്ര സാര്‍ പറഞ്ഞു തന്നിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ക്ക് രണ്ടേ രണ്ട് മുഖങ്ങള്‍ മാത്രമാണ് ഈ ലോകത്ത് ഫേമസായിരിക്കുന്നത്. ഒന്ന് പൂച്ചയുടെ മുഖം, മറ്റൊന്ന് പടക്കുതിരയുടെയും.

ഒരോ മനുഷ്യന്മാരെ കാണുമ്പോള്‍ എനിക്ക് സാര്‍ പറഞ്ഞത് ഓര്‍മ്മ വരും. സേതുവിനെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരു പടക്കുതിരയെ ആണ് ഓര്‍മ്മ വന്നത്. ആള്‍ സ്‌ട്രോങ് ആണെന്ന് അപ്പോള്‍ തന്നെ മനസിലായി. എന്റെ കഥാപാത്രത്തിനും അങ്ങനെയൊരാളെയായിരുന്നു ആവശ്യം,’ സീനു രാമസ്വാമി പറഞ്ഞു.

വൈ.എസ്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഗ്രാമീണ പശ്ചാത്തലത്തിലെടുത്തിരിക്കുന്ന ചിത്രത്തില്‍ കെ.പി.എ.സി ലളിതയും ഗുരു സോമസുന്ദരവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Seenu ramaswamy says about vijay sethupathi