കെ.കെ രമയെ ചീത്ത വിളിക്കാന്‍ ആര്‍ക്കുണ്ട് യോഗ്യത; സൈബര്‍ ഭക്തജനങ്ങൾക്കെതിരെ മുന്‍ എസ്.എഫ്.ഐ നേതാവ് സീനാ ഭാസ്‌ക്കര്‍
Kerala
കെ.കെ രമയെ ചീത്ത വിളിക്കാന്‍ ആര്‍ക്കുണ്ട് യോഗ്യത; സൈബര്‍ ഭക്തജനങ്ങൾക്കെതിരെ മുന്‍ എസ്.എഫ്.ഐ നേതാവ് സീനാ ഭാസ്‌ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 7:41 pm

എറണാകുളം: ആര്‍.എം.പി നേതാവും, ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമയെ പരിഹസിക്കുന്നവര്‍ക്കും ട്രോളുന്നവര്‍ക്കുമെതിരെ മുന്‍ എസ്.എഫ്.ഐ നേതാവ് സീനാ ഭാസ്‌ക്കര്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീനാ ഭാസ്‌ക്കര്‍ സൈബര്‍ സഖാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. രമയെ ചീത്ത വിളിക്കുന്നവര്‍ക്കും, ട്രോളുന്നവര്‍ക്കും രമ ആരായിരുന്നു എന്നറിയാമോ എന്ന് മുന്‍ എസ്.എഫ്.ഐ നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ കൂടെയായ സീന കുറിച്ചു

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സഖാവ് കെ.കെ രമയെ ചീത്ത വിളിയ്ക്കാനും ട്രോളാനും ആര്‍ക്കാണ് യോഗ്യത. ഭക്തജനങ്ങള്‍ കാലാനുസൃതമായി വരും പോകും. അക്കൂട്ടത്തിലുള്ളവര്‍ രമ ആരായിരുന്നു എന്തായിരുന്നുവെന്നറിയണം. കേവലമൊരു വീട്ടമ്മയായിരുന്നില്ല രമ. പാര്‍ട്ടി കുടുംബാംഗമായ രമയും ഞാനും ഒരുമിച്ച് SFI സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്നു. കേരളത്തിലെ കാലലയങ്ങളെ ചോരക്കളമാക്കിയ സമര പോരാട്ടങ്ങളിലെ സജീവ പോരാളികളായിരുന്നു ഞങ്ങള്‍. വിളനിലം, മെഡിക്കോസ് സമരങ്ങള്‍… ഈ സമരങ്ങളില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് ജയിലറയ്ക്കുള്ളിലിടുകയും വിദ്യാര്‍ത്ഥിനികള്‍ സമരം ഏറ്റെടുത്ത് നടത്തുകയും ചെയ്തപ്പോള്‍ കോഴിക്കോട് ജില്ലയില്‍ ഐതിഹാസികമായ സമരത്തിന് നേതൃത്വം നല്‍കിയത് സ. കെ.കെ രമയായിരുന്നു. ഈ ട്രോളുന്നവര്‍ പാര്‍ട്ടിയെ കൊണ്ട് സ്വന്തം കാര്യം നടത്താന്‍ സാധിയ്ക്കാതെ വരുമ്പോള്‍ ; അപ്പോള്‍ അറിയാം യഥാര്‍ത്ഥ സ്‌നേഹവും മുഖവും…
ഒരു കാലഘട്ടത്തില്‍ ഞങ്ങളൊക്കെ ഇന്ത്യയൊട്ടാകെ കാമ്പസുകളില്ലെല്ലാം SFI ഭൂരിപക്ഷമാക്കാനും, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം നടപ്പാക്കാനും അതുവഴി എല്ലാവരും തുല്യരാകണമെന്നും ആഗ്രഹിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവരാണ്. ഞാനിപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നു. കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞ് കല്യാണം കഴിയ്ക്കാനുള്ള മോഹം കൊണ്ടല്ല സൈമണ്‍ ബ്രിട്ടോയെ പോലൊരാളെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത്. പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ നല്‍കിയ സഖാക്കള്‍… ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷികള്‍… ഇവരെ ആദരിയ്ക്കുകയും സംരക്ഷിയ്‌ക്കേണ്ടുന്നതും ഓരോ പാര്‍ട്ടി വിശ്വാസിയുടേയും അതിലുപരി പാര്‍ട്ടി അംഗങ്ങളുടേയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തത്. ഇപ്പോള്‍ ഓരോരോ ഭക്തസംഘങ്ങള്‍ അവര്‍ ആരാണെന്നും മറ്റുള്ളവര്‍ എങ്ങനെയായിരുന്നുവെന്നുമറിയാതെ ട്രാളുകളിറക്കാനും നുണകള്‍ പ്രചരിപ്പിയ്ക്കാനും നടക്കുന്നു. നാണമില്ലെ ഇവറ്റകള്‍ക്ക്…
ഇപ്പോള്‍ കേരളത്തിന്റെ പല ഭാഗത്തു ചെല്ലുമ്പോഴും സൈമണ്‍ ബ്രിട്ടോയും ചേച്ചിയുമൊക്കെ പാര്‍ട്ടിയിലുണ്ടൊ? ബ്രിട്ടോ SFI ആയിരുന്നില്ല; കുത്തു കൊണ്ടതിന് ശേഷം പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു തുടങ്ങി നിരവധി ചോദ്യങ്ങളും നുണപ്രചരണങ്ങളും നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ… പ്രചാരണം നടത്തിക്കോളൂ; സ്വന്തം കാലിന്നടിയിലെ മണ്ണൂര്‍ന്നു പോകുന്നതറിയാതെ നടക്കുന്നവര്‍ക്ക് പ്രകൃതി മുന്നറിയിപ്പ് നല്‍കിയ പ്രളയം പോലൊരു പ്രളയം വരുന്നുണ്ട്. അതിനെ നേരിടാന്‍ നുണകള്‍ കൊണ്ട് സാധിയ്ക്കില്ല…
അപ്പോഴും കുബുദ്ധിക്കാരായ നിങ്ങള്‍ ചെറുത്തു നില്‍ക്കാതെ പ്രളയത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുമെന്നുറപ്പാണ്. ആ സമയത്തും നിങ്ങള്‍ ഫാസിസ്റ്റുകളായി ഞങ്ങളെ പോലുള്ളവരെ ട്രോളുമെന്നതില്‍ സംശയമില്ല…ലാല്‍സലാം…

വര്‍ഗചേതന സ്വിച്ച് ഇടുമ്പോള്‍ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ കെടുന്നതുമല്ല. ചിലരൊക്കെ അങ്ങനെ വ്യാഖ്യാനിച്ചേയ്ക്കാം. യജമാനന്മാര്‍ കൊട്ടാന്‍ പറയുമ്പോള്‍ കൊട്ടുകയും നിര്‍ത്താന്‍ പറയുമ്പോള്‍ നിര്‍ത്തുകയും ചെയ്യുന്ന ഇവരെ കുറിച്ചെന്തു പറയാന്‍ … ഹാ! കഷ്ടം!