| Friday, 15th June 2018, 10:37 am

പത്രപ്രവര്‍ത്തകന്റെ ഘാതകരെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടി പൊലീസ്: ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ശ്രീനഗറില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ ഘാതകരെ കണ്ടെത്താന്‍ കാശ്മീര്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. റൈസിങ്ങ് കാശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജത് ബുഖാരിക്കു നേരെ വെടിയുതിര്‍ത്ത് കടന്നു കളഞ്ഞ മൂന്നു പേരുടേതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട്, ഇവരെ തിരിച്ചറിയാന്‍ സാധിക്കുന്നവരോട് സമീപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

പ്രസ്സ് കോളനിയിലെ ഓഫീസില്‍ നിന്നും പുറത്തിറങ്ങി കാറില്‍ കയറിയ ബുഖാരിയെ ബൈക്കിലെത്തിയ മൂവര്‍സംഘം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ബുഖാരിയുടെ കൂടെയുണ്ടായിരുന്ന രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും വെടിയേറ്റു മരിച്ചു.

ഇരുചക്രവാഹനത്തില്‍ മുഖം മറച്ചെത്തുന്ന മൂന്നു പേരുടെ ദൃശ്യങ്ങള്‍ ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് ജമ്മു കാശ്മീര്‍ പൊലീസ് ട്വിറ്ററില്‍ പുറത്തുവിട്ടത്. ബജാജ് പള്‍സര്‍ ബൈക്കിലെത്തിയ ഇവരുടെ പക്കല്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ എന്തോ വസ്തു ഉണ്ടായിരുന്നതായും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇവര്‍ കെട്ടിടത്തിനു പുറത്ത് ബുഖാരിക്കായി കാത്തു നില്‍ക്കുകയായിരുന്നെന്നും, ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് നടന്നതെന്നും പൊലീസ് പറയുന്നു.

“പ്രസ്സ് എന്‍ക്ലേവില്‍ വച്ചുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന ദൃശ്യങ്ങളിലുള്ള വ്യക്തികളെ തിരിച്ചറിയാനാകുന്നവര്‍ വിവരമറിയിച്ച് അന്വേഷണത്തെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു” എന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.


Also Read:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കില്ല: സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷ തള്ളി രാഷ്ട്രപതി


വിവരങ്ങള്‍ ലഭിക്കുന്നവര്‍ കോതിബാഗ് പൊലീസ് സ്റ്റേഷനിലോ, പി.സി.ആര്‍. ശ്രീനഗര്‍ സ്റ്റേഷനിലോ, കാശ്മീര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ ഉറപ്പുനല്‍കുന്നു.

ഇതേസമയം, തീവ്രവാദ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അഭിപ്രായപ്പെട്ടു. കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണണമെന്ന് വാദിച്ചിരുന്ന ബുഖാരി നിരവധി വധശ്രമങ്ങളെ അതിജീവിച്ചയാളാണ്. 2000ല്‍ ഉണ്ടായ അത്തരമൊരാക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തിയിരുന്നു.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഒരുമിച്ചുകൊണ്ടുവന്ന് കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ മുന്‍കൈയെടുത്തിട്ടുള്ള ബുഖാരി, പാക്കിസ്ഥാനുമായുള്ള “ട്രാക്ക് II” നയതന്ത്ര പദ്ധതിയിലും അംഗമായിരുന്നു. രാജ്യത്തു പത്രപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ നിരയില്‍ ഒടുവിലത്തേതാണ് ബുഖാരിയുടെ കൊലപാതകം.

We use cookies to give you the best possible experience. Learn more