ആലപ്പുഴ സീമാസിലെ തൊഴിലാളി സമരം വിജയിച്ചു
Daily News
ആലപ്പുഴ സീമാസിലെ തൊഴിലാളി സമരം വിജയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th August 2015, 8:17 am

seemas-03ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി സീമാസ് ടെക്‌സ്റ്റെയില്‍സിലെ വനിതാ തൊഴിലാളികള്‍ നടത്തിവന്ന സമരം വിജയിച്ചു. സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് തൊഴിലാളികള്‍ ഉപരോധസമരം നടത്തിയത്. തൊഴിലാളികള്‍ ഉന്നയിച്ച് ആവശ്യങ്ങള്‍ സീമാസ് മേനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു. ജി സുധാകരന്‍, പി.പി ചിത്തരഞ്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്.

സിപി.ഐ.എം നേതാവ്‌ തോമസ് ഐസക്കിന്റെ സജീവപിന്തുണയും സമരത്തിനുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും സമരത്തിന് വ്യാപകമായ പിന്തുണ ലഭിക്കുന്നതില്‍ തോമസ് ഐസക്കിന്റെ ഇടപെടലും സഹായിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ സീമാസ് മാനേജ്‌മെന്റ് അംഗീകരിക്കാതിരുന്ന ഒരു ഘട്ടത്തില്‍ സീമാസ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും തോമസ് ഐസക് ഉയര്‍ത്തകയുണ്ടായി

ചര്‍ച്ചയില്‍ അംഗീകരിച്ച് ആവശ്യങ്ങള്‍ ഇവയാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 7.5 ശതമാനം തുക അധികമായി നല്‍കും .അതിന്റെ ഫലമായി ഇവര്‍ക്ക് 8300 രൂപ ലഭിക്കും . മറ്റുള്ളവര്‍ക്കെല്ലാം 7750 രൂപ കിട്ടും .5500 രൂപ ആണ് ഇപ്പോള്‍ ട്രെയിനിംഗ് സ്റ്റാഫിന് ഉള്ളത്. അത് 7500 രൂപ ആയി മാറും

പുതുക്കിയ ശമ്പളത്തിന്റെ 8.33 ശതമാനം ബോണസ് ആയി നല്‍കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 8.75 ശതമാനവും ബോണസ് ആയി നല്‍കും. ഫൈനുകള്‍ എല്ലാം നിര്‍ത്തലാക്കി. മാസത്തില്‍ അഞ്ച് ദിവസം താമസിച്ചാല്‍ മാത്രമേ അര ദിവസത്തെ വേതനം നഷ്ടപ്പെടൂ. ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും തൊഴിലാളി പ്രതിനിധ്യത്തോടെ മെസ്സ് കമ്മിറ്റി ഉണ്ടാക്കി.

പതിമൂന്ന് ദേശീയ ഒഴിവുദിനങ്ങള്‍ ഉണ്ടാവും. ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഇരട്ടി വേതനം നല്‍കും ആഴ്ചയില്‍ ഒരു ദിവസം ഒഴിവാണ്. അന്നേ ദിവസം ജോലി ചെയ്താല്‍ ഇരട്ടി വേതനം നല്‍കും. ഹോസ്‌റല്‍ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഉച്ചഭക്ഷണത്തിനുള്ള ഇടവേള അര മണിക്കൂറില്‍ നിന്ന് മുക്കാല്‍ മണിക്കൂറായി ഉയര്‍ത്തി. സമരത്തില്‍ പങ്കെടുത്ത ആരെയും മാറ്റി നിര്‍ത്തുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യില്ല.

ടെക്‌സ്‌റ്റെയിസ് മാനേജ് മെന്റില്‍ നിന്നുമുള്ള കടുത്ത ചൂഷണനടപടികളെ തുടര്‍ന്നാണ് വനിതാ തൊഴിലാളികള്‍ സീമാസ് ഷോറൂമിന് മുന്നില്‍ സമരം ആരംഭിച്ചത്. ദിവസങ്ങള്‍ നീണ്ടു നിന്ന സമരത്തില്‍ 40 ഓളം തൊഴിലാളികളാണ് പങ്കെടുത്തത്. ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടിയതോടെ തൊഴിലാളികള്‍ സമരം പിന്‍വലിക്കുകയായിരുന്നു.