Entertainment
ഞാന്‍ നിന്നെ വലിയൊരു നടിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു; എന്തിനായിരുന്നുവെന്ന് അറിയില്ല: സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 28, 09:42 am
Friday, 28th February 2025, 3:12 pm

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു ഇവര്‍. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി.

സിനിമയില്‍ വരുന്നതിന് മുമ്പ് ഒരു നര്‍ത്തകിയായിരുന്ന സീമയുടെ അഭിനയത്തില്‍ വഴിത്തിരിവായത് അവളുടെ രാവുകള്‍ എന്ന സിനിമയായിരുന്നു. 1978ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. സീമയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായാണ് അവളുടെ രാവുകളെ കണക്കാക്കുന്നത്.

ഇപ്പോള്‍ ഐ.വി. ശശിയെ കുറിച്ച് പറയുകയാണ് സീമ. അവളുടെ രാവുകള്‍ സിനിമയുടെ മുമ്പ് തന്നെ തങ്ങള്‍ തമ്മില്‍ പ്രണയം തുടങ്ങിയിരുന്നു എന്നാണ് നടി പറയുന്നത്. അമൃത ടി.വിയിലെ ‘ഓര്‍മയില്‍ എന്നും ഐ.വി. ശശി’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സീമ.

ഐ.വി. ശശിയുടെ സംവിധാനത്തില്‍ തന്നെ എത്തിയ ഈ മനോഹര തീരം (1978) എന്ന സിനിമയുടെ സമയം മുതല്‍ക്കായിരുന്നു പ്രണയം തുടങ്ങിയതെന്നാണ് സീമ പറയുന്നത്. ആ സിനിമ കഴിഞ്ഞ് പോകും മുമ്പ് അദ്ദേഹം ‘ഞാന്‍ നിന്നെ വലിയൊരു നടിയാക്കും’ എന്ന വാക്ക് തന്നിരുന്നെന്നും എന്നാല്‍ എന്തിനാണ് അത് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും സീമ കൂട്ടിച്ചേര്‍ത്തു.

അവളുടെ രാവുകള്‍ സിനിമയുടെ മുമ്പ് തന്നെ ഞങ്ങള്‍ തമ്മില്‍ പ്രണയം തുടങ്ങി. ഈ മനോഹര തീരം എന്ന സിനിമയുടെ സമയം മുതല്‍ക്കായിരുന്നു അത്. അതില്‍ എനിക്ക് ഒരു ഡാന്‍സ് ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അതായത് ഞാന്‍ ഡാന്‍സ് ചെയ്യും, ഹരിഹരന്‍ സാര്‍ പാട്ട് പാടും.

അതില്‍ അഭിനയിച്ചതും കുറച്ച് പ്രണയം തുടങ്ങി. ആ സിനിമ തീരുമ്പോഴേക്കും ശശിയേട്ടന് എന്നോട് കൂടുതല്‍ സ്‌നേഹം തോന്നി തുടങ്ങി. അന്ന് അദ്ദേഹമൊരു വാക്ക് പറഞ്ഞു. ‘ഞാന്‍ നിന്നെ വലിയൊരു നടിയാക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്തിനാണ് അത് പറഞ്ഞതെന്ന് എനിക്ക് അറിയില്ല കേട്ടോ (ചിരി). ഞാന്‍ അത് മൈന്‍ഡ് ചെയ്യാതെ തിരിച്ചു വന്നു. കാരണം എനിക്ക് അന്ന് നടിയാകണം എന്ന ആഗ്രഹം ഇല്ലായിരുന്നു. പകരം ഡാന്‍സിനോടായിരുന്നു എന്റെ കമ്പം,’ സീമ പറഞ്ഞു.

Content Highlight: Seema Talks About IV Sasi