Entertainment
രാഗേന്ദു കിരണങ്ങള്‍ പാട്ടിന്റെ ഷൂട്ടിനിടയില്‍ നാട്ടുകാര്‍ ശശിയേട്ടനോട് ചൂടായി, ക്യാമറയൊക്കെ എടുത്തോണ്ട് പോകാന്‍ പറഞ്ഞു: സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 04:08 pm
Wednesday, 5th March 2025, 9:38 pm

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ഐ.വി. ശശി. ഉത്സവം എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശി തന്റെ സംവിധാനജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 110ഓളം സിനിമകള്‍ അണിയിച്ചൊരുക്കാന്‍ ഐ.വി. ശശിക്ക് സാധിച്ചു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ഡം നേടിയ ആദ്യ സംവിധായകനെന്ന് ഐ.വി. ശശിയെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.

സീമയെ കേന്ദ്ര കഥാപാത്രമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത് 1978ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അവളുടെ രാവുകള്‍. മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നായി പലരും അവളുടെ രാവുകളിനെ കണക്കാക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് എ.വി. ശശിയുടെ പങ്കാളിയും നടിയുമായ സീമ.

ചിത്രത്തിലെ ഹിറ്റ് ഗാനമായ രാഗേന്ദു കിരണങ്ങള്‍ എന്ന പാട്ട് ഷൂട്ട് ചെയ്തത് ചെന്നൈയിലെ മെറീന ബീച്ചിലായിരുന്നെന്ന് സീമ പറഞ്ഞു. ഒറ്റദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കണമെന്നായിരുന്നു ഐ.വി. ശശിയുടെ പ്ലാനെന്നും എന്നാല്‍ ഷൂട്ടിന്റെ സമയത്ത് ചെന്നൈയില്‍ ഒരു ചുഴലിക്കാറ്റ് വരുന്നെന്നുള്ള അറിയിപ്പുണ്ടായിരുന്നെന്നും സീമ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഐ.വി. ശശി അതൊന്നും കാര്യമാക്കാതെ ഷൂട്ട് തുടര്‍ന്നെന്നും എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ വന്ന് പ്രശ്‌നമുണ്ടാക്കിയെന്നും സീമ പറയുന്നു. പലരും ജീവന്‍ പണയം വെച്ച് ഒടുന്ന സമയത്ത് സിനിമ ഷൂട്ട് ചെയ്യുകയാണോ എന്ന് ചോദിച്ച് ചൂടായെന്നും സീമ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ ക്യാമറയും കൈയില്‍ പിടിച്ച് ഐ.വി ശശി ഷൂട്ടിങ് തുടര്‍ന്നെന്നും അദ്ദേഹത്തിന് ഏറ്റവും വലുത് സിനിമയാണെന്നും സീമ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഐ.വി. ശശി.

‘രാഗേന്ദു കിരണങ്ങള്‍ എന്ന പാട്ട് ഷൂട്ട് ചെയ്തത് ചെന്നൈയിലെ മെറീന ബീച്ചില്‍ വെച്ചായിരുന്നു. ആ സമയത്ത് അവിടെ ഒരു ചുഴലിക്കാറ്റ് വരുന്നെന്ന് അറിയിപ്പൊക്കെയുണ്ടായിരുന്നു. വലിയ അലര്‍ട്ടായിരുന്നു ആ സമയത്ത്. ശശിയേട്ടന്‍ അത് കാര്യമാക്കിയെടുത്തില്ല. ഒറ്റദിവസം കൊണ്ട് ആ പാട്ട് ഷൂട്ട് ചെയ്യാമെന്നായിരുന്നു പുള്ളി പ്ലാന്‍ ചെയ്തത്.

എന്നാല്‍ ഷൂട്ടിനിടയ്ക്ക് അവിടത്തെ നാട്ടുകാര്‍ വന്ന് പ്രശ്‌നമുണ്ടാക്കി. ‘ചുഴലിക്കാറ്റിനെ പേടിച്ച് ഇവിടെ എല്ലാവരും ജീവനും കൈയില്‍ പിടിച്ച് ഓടാന്‍ നില്‍ക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ സിനിമയെടുക്കുന്നോ, ക്യാമറയും എല്ലാം എടുത്തുകൊണ്ട് പൊയ്‌ക്കോ’ എന്ന് പറഞ്ഞ് അവര്‍ ചൂടായി. ശശിയേട്ടന്‍ അതൊന്നും കാര്യമാക്കാതെ ക്യാമറയും കൈയില്‍ പിടിച്ച് ഷോട്ടെടുക്കുകയായിരുന്നു. പുള്ളിക്ക് എല്ലാറ്റിനെക്കാള്‍ വലുത് സിനിമയാണ്,’ സീമ പറയുന്നു.

Content Highlight: Seema shares the shooting experience of Avalude Raavukal movie and IV Sasi