Entertainment
എന്നെ ഇങ്ങനെ മുമ്പ് കണ്ടിട്ടില്ല എന്നാണ് പണി സിനിമ കണ്ട ശേഷം ആ സൂപ്പര്‍സ്റ്റാര്‍ വിളിച്ച് പറഞ്ഞത്: സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 30, 10:31 am
Wednesday, 30th October 2024, 4:01 pm

ജോജു ജോര്‍ജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് പണി. ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ വളരെ മനോഹരമായി ജോജു പണി അണിയിച്ചൊരുക്കിയിട്ടുണ്ട്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ ആക്ഷന്‍ ഡ്രാമാ ചിത്രമാണ് പണി. ചിത്രത്തിലെ നായകനായി എത്തിയത് ജോജുവാണ്. ഒരിടവേളക്ക് ശേഷം സീമയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മംഗലത്ത് ദേവകിയമ്മ എന്ന കഥാപാത്രമായാണ് സീമ എത്തിയത്.

ചിത്രത്തിന്റെ റിലീസിന് ശേഷം തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സീമ. റിലീസിന്റെയന്ന് തനിക്ക് ഒരു ഫോണ്‍കോള്‍ വന്നെന്നും ആരാണെന്നറിയാതെ ആ കോള്‍ എടുത്തെന്നും സീമ പറഞ്ഞു. പണി എന്ന സിനിമ കണ്ടു, നിന്റെ അഭിനയം അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞെന്നും സീമ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരാണ് വിളിച്ചതെന്ന് തനിക്ക് മനസിലായില്ലെന്നും അയാളോട് പേര് ചോദിച്ചെന്നും സീമ പറഞ്ഞു. തന്റെ ശബ്ദം മറന്നോയെന്നും ആരാണെന്ന് മനസിലായില്ലേ എന്ന് തിരിച്ച് ചോദിച്ചെന്നും സീമ കൂട്ടിച്ചേര്‍ത്തു.

ആരാണെന്ന് ഒന്നുകൂടി ചോദിച്ചപ്പോള്‍ താന്‍ കമല്‍ ഹാസനാണെന്ന് പറഞ്ഞെന്നും അത് കേട്ടയുടെനെ താന്‍ ഞെട്ടിയെഴുന്നേറ്റെന്നും സീമ പറഞ്ഞു. സിനിമയില്‍ താന്‍ അസ്സലായിട്ടുണ്ടായിരുന്നെന്നും അമ്മവേഷത്തില്‍ തന്നെ കണ്ടിട്ടില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞെന്നും സീമ കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്റെയടുത്ത് നിന്ന് അങ്ങനെയൊരു അഭിനന്ദനം പ്രതീക്ഷിച്ചില്ലെന്നും അങ്ങനെയൊരു കോംപ്ലിമെന്റ് തനിക്ക് അവാര്‍ഡ് പോലെയാണെന്നും സീമ പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു സീമ.

‘പണി എന്ന സിനിമ റിലീസായതിന്റെയന്ന് എനിക്കൊരു കോള്‍ വന്നു. നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അറ്റന്‍ഡ് ചെയ്തപ്പോള്‍ അപ്പുറത്തുള്ളയാള്‍ ‘പണി എന്ന സിനിമ കണ്ടിട്ട് വിളിക്കുകയാണ്’ എന്ന് പറഞ്ഞു. പടം കണ്ടോ, എങ്ങനെയുണ്ട് എന്ന് ഞാന്‍ ചോദിച്ചു. ‘നിന്റെ അഭിനയം അടിപൊളിയായിട്ടുണ്ട്’ എന്ന് അയാള്‍ പറഞ്ഞു. ഇതാരാ എന്നെ നീ എന്ന് വിളിക്കാന്‍ എന്ന് ആലോചിച്ച് നിങ്ങളാരാ എന്ന് ചോദിച്ചു. ‘എന്റെ ശബ്ദം കേട്ട് മനസിലായില്ലേ’ എന്നയാള്‍ ചോദിച്ചു. നമ്പര്‍ മാത്രം ഉള്ളതുകൊണ്ട് എനിക്ക് ആളെ മനസിലായില്ല.

‘ഞാന്‍ കമല്‍ ഹാസനാണ്, എന്നെ മറന്നുപോയോ’ എന്ന് അപ്പുറത്ത് നിന്ന് പറഞ്ഞു. ഞാനാണെങ്കില്‍ അത് കേട്ട് ഞെട്ടിയെഴുന്നേറ്റു. സിനിമയില്‍ ഞാന്‍ അസ്സലായിട്ടുണ്ടെന്നും എന്നെ ഇങ്ങനെ മുമ്പ് കണ്ടിട്ടില്ലെന്നും കമല്‍ പറഞ്ഞു. പുള്ളി എന്റെ ചെറുപ്പകാലം മാത്രമേ സിനിമയില്‍ കണ്ടിട്ടുള്ളൂ. എന്തായാലും കമലിന്റെയടുത്ത് നിന്ന് അങ്ങനെയൊരു കോംപ്ലിമെന്റ് കിട്ടിയത് എനിക്ക് വലിയൊരു അവാര്‍ഡ് കിട്ടിയതുപോലെയാണ് തോന്നിയത്,’ സീമ പറയുന്നു.

Content Highlight: Seema shares the compliment from Kamal Haasan after Pani Movie