ന്യൂദല്‍ഹി: ഇസ്രായേല്‍ കാറിനുനേരെ നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ ആദരണീയനായ പത്രപ്രവര്‍ത്തകനെതിരെ ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഊട്ടിക്കൊടുക്കുന്ന വാര്‍ത്തകള്‍ അപ്പടി പ്രസിദ്ധീകരിക്കുകയാണ് “ടൈംസ് ഓഫ് ഇന്ത്യ” ചെയ്തതെന്ന് പ്രമുഖ പത്രപ്രവര്‍ത്തകയും ഗാര്‍ഡിയന്‍ പത്രത്തിന്റെ ലേഖികയുമായ സീമ മുസ്തഫ. കോര്‍പറേറ്റ് മാനേജ്‌മെന്റുകളെ ഭയന്ന് കഴിയേണ്ടിവരുന്ന ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ അമേരിക്ക-ഇസ്രായേല്‍ കൂട്ടുകെട്ടിനെയും ഭയക്കേണ്ട സാഹചര്യം സംജാതമായിരിക്കുകയാണെന്നും കാസ്മിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്‍ഹദ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സീമ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയില്‍ എന്തുമാത്രം ഗൂഢാലോചനയാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഒരു പ്രാവശ്യമെങ്കിലും അവിടെ പോയവര്‍ക്കറിയാമെന്ന് സീമ മുസ്തഫ പറഞ്ഞു. ഇക്കാര്യം നന്നായി അറിയുകയും ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് അഹ് മദ് കാസ്മി. ഓരോ പത്രപ്രവര്‍ത്തകനുമുള്ള അന്തര്‍ദേശീയ രാഷ്ട്രീയ നിലപാട് നോക്കി ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ്.
ഔദ്യോഗികമായി പറയാത്തിടത്തോളം പേരുവെളുപ്പെടുത്താത്ത വൃത്തങ്ങളെന്ന പേരില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ മുഹമ്മദ് അഹ് മദ് കാസ്മിയുടെ പേരില്‍ ദല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ ചമക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ഥന മാനിക്കാതെയാണ് ശനിയാഴ്ച ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്ന് സീമ കുറ്റപ്പെടുത്തി.
പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബൈലൈനിലൂടെ ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിനുവേണ്ടി ഇത്തരം വാര്‍ത്തകള്‍ ചമക്കുന്നതാരാണെന്ന് വായനക്കാര്‍ക്ക് മനസ്സിലാകുമെന്നും സീമ ഓര്‍മിപ്പിച്ചു. ഒരാളെക്കുറിച്ചുള്ള വ്യക്തിഗതവും കുടുംബപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഉറവിടം അയാളും അയാളുടെ കുടുംബവുമാണെന്ന ലളിതമായ പത്രപ്രവര്‍ത്തന സത്യം പോലും ബലികഴിച്ചാണ് ഇത്തരം വാര്‍ത്തകള്‍ അടിച്ചുവിടുന്നതെന്ന് സീമ കുറ്റപ്പെടുത്തി.
നിരപരാധികളായ യുവാക്കളെ ഭീകരാക്രമണക്കേസുകളില്‍ കുരുക്കിയും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയും കുപ്രസിദ്ധരായ ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഇപ്പോള്‍ ഇസ്രായേലിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ സുകുമാര്‍ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.