| Sunday, 1st December 2024, 3:22 pm

സീമ ഗൗതം; യോഗിയുടെ ഗോരഖ്പൂരിലെ ദളിത് പ്രതിരോധ ശബ്ദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ പാർശ്വവത്കരിക്കപ്പെട്ട ദളിത് സമൂഹത്തിന് വേണ്ടി സംസാരിച്ചതാണ് സീമ ഗൗതമിനെതിരെ യോഗി ആദിത്യനാഥ് സർക്കാർ കണ്ടെത്തിയ തെറ്റ്. കിഴക്കൻ യു.പി നഗരം ആസ്ഥാനമായുള്ള ദളിത് അവകാശ സംഘടനയായ അംബേദ്കർ ജൻ മോർച്ചയുടെ പ്രസിഡൻ്റാണ് സീമ ഗൗതം. ഭൂരഹിതരായ ദളിതർക്ക് ഭൂമി ഉറപ്പാക്കാനുള്ള പോരാട്ടത്തിന് അവർ നേതൃത്വം നൽകുന്നു.

വായ്പ എഴുതിത്തള്ളലിനെക്കുറിച്ച് തെറ്റായ കിംവദന്തികൾ പ്രചരിപ്പിച്ചെന്നും സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളോട് ഗ്രൂപ്പ് ലോണുകൾ തിരിച്ചടയ്ക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടെന്നും ആരോപിച്ച് സീമ ഗൗതമിനും സഹപ്രവർത്തകനായ ശ്രാവൺ കുമാർ നിരാലയ്ക്കുമെതിരെ ഗോരഖ്പൂരിലും മഹാരാജ്ഗഞ്ചിലും പൊലീസ് ഓഗസ്റ്റിൽ കേസ് എടുത്തു.

മൈക്രോഫിനാൻസിങ് കമ്പനികൾ പാവപ്പെട്ട ഗ്രാമീണ സ്ത്രീകളെ അവരുടെ വായ്പ തിരിച്ചടയ്ക്കാൻ പീഡിപ്പിക്കുന്നത് എങ്ങനെയെന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാണ് തനിക്ക് മേൽ പിഴ ചുമത്തിയതും കേസ് എടുത്തതെന്നും സീമ ഗൗതം പറയുന്നു.

‘നീതി തേടുന്ന സമൂഹത്തിൽ നിന്നുള്ളവർക്കുവേണ്ടിയാണ് ഞാൻ പോരാടുന്നത്. വായ്പകൾ തിരിച്ചടക്കാൻ കഴിയാത്തവരെ ഈ ആളുകൾ ഉപദ്രവിക്കുന്നു. അവരുടെ റേഷൻ, ഗ്യാസ് സിലിണ്ടറുകൾ എടുക്കുകയും തുക തിരിച്ചടയ്ക്കാത്തതിന് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നു,’ 32 കാരി പറയുന്നു.

ഉത്തർപ്രദേശിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ദളിത് വിഭാഗങ്ങളിലൊന്നും ഏറ്റവും വലിയ ദളിത് ഉപഗ്രൂപ്പുമായ ചമർ ജാതിയിൽ നിന്നാണ് അവർ വരുന്നത്.

മുമ്പ് ബഹുജൻ സമാജ് പാർട്ടിയുമായി ബന്ധമുള്ള ഒരു കൂട്ടം അസംതൃപ്തരായ അംബേദ്കറൈറ്റ്‌സ് 2019 ലാണ് ഒരു ചെറിയ സംഘടനയായ എ.ജെ.എം രൂപീകരിച്ചത്. ഭൂരഹിതരായ ദളിതർക്ക് വേണ്ടിയും ജാതി അടിച്ചമർത്തലിനും ലൈംഗികാതിക്രമത്തിനും ഇരയായവർക്കും വേണ്ടി പോരാടുകയാണ് ഇവർ.

കഴിഞ്ഞ ഒക്ടോബറിൽ ഗൊരഖ്പൂരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് പുറത്ത് നൂറുകണക്കിന് പാവപ്പെട്ട ദളിത് സ്ത്രീകളെ എ.ജെ.എം അണിനിരത്തിയപ്പോൾ മുതൽ സീമ ഗൗതമും അവളുടെ സഹപ്രവർത്തകരും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.

ചില തീപ്പൊരി പ്രസംഗങ്ങൾ ഉൾപ്പെട്ട പ്രകടനം സമാധാനപരമായി അവസാനിച്ചു. പക്ഷേ ഭരണകൂടം അവർക്കെതിരെ അക്രമം അഴിച്ച് വിട്ടു. എ.ജെ.എമ്മിന്റെ നേതാക്കളും മറ്റ് ദളിത് പ്രവർത്തകരും ചില സ്വതന്ത്ര പത്രപ്രവർത്തകരും വരെ കൊലപാതകശ്രമത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കൊപ്പം നശീകരണത്തിനും ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു.

Content Highlight: Seema Gautam: A Voice of Dalit Resistance in Yogi’s Gorakhpur

Latest Stories

We use cookies to give you the best possible experience. Learn more