വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം അടുത്ത സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വിന്‍ഡീസ് പര്യടനത്തോടെയാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-225 സൈക്കിളിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.
രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി-20 എന്നിവയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഏഷ്യാ കപ്പും വേള്‍ഡ് കപ്പും മുമ്പില്‍ കണ്ട് വമ്പന്‍ പരീക്ഷണങ്ങള്‍ക്കാണ് ഈ പര്യടനത്തില്‍ ഇന്ത്യയൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീനിയര്‍ താരങ്ങള്‍ ഫോമില്ലാതെ വലയുമ്പോള്‍ ഐ.പി.എല്ലില്‍ തിളങ്ങിയ യുവതാരങ്ങളെ ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. ഇപ്പോള്‍ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലേക്കുള്ള താരങ്ങളെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്‌സ് ബാറ്റിങ് പരിശീലകനുമായ വസീം ജാഫര്‍.
പേടിയില്ലാതെ കളിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും അതിന് പോന്ന താരങ്ങളെ വേണം ടീമില്‍ ഉള്‍പ്പെടുത്താനുമെന്നാണ് സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജാഫര്‍ പറഞ്ഞത്.
‘പേടിയില്ലാതെയായിരിക്കണം ഇന്ത്യ കളിക്കേണ്ടത്. ലിമിറ്റഡ് ഓവറിലെ കളികള്‍ വളരെയധികം മാറിയിട്ടുണ്ട്. ഭയമില്ലാതെ വളരെ വേഗം റണ്‍സുയര്‍ത്തുന്ന താരങ്ങളെയാണ് ഇപ്പോള്‍ നമുക്ക് ആവശ്യം.
ഇന്ത്യക്ക് കിരീടങ്ങള്‍ നേടണമെങ്കില്‍ ഈ ശൈലി സ്വീകരിക്കേണ്ടതായുണ്ട്. ടി-20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ യശ്വസി ജയ്സ്വാളിനെയും റിങ്കു സിങ്ങിനെയും ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്,’ വസീം ജാഫര്‍ പറഞ്ഞു.
റിഷബ് പന്തിന്റ അഭാവത്തില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ ഇഷാന്‍ കിഷനായിരിക്കും ടീമിലെത്താന്‍ സാധ്യത കല്‍പിക്കുന്നത്. സഞ്ജുവിനും സാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും മറ്റൊരു താരത്തെയാണ് വസീം ജാഫര്‍ നിര്‍ദേശിക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയുടെ പേരാണ് വസീം ജാഫര്‍ പറയുന്നത്.
‘റിഷബ് പന്ത് ഇപ്പോള്‍ ടീമിലില്ല. അവന് പകരക്കാരനായി ജിതേഷ് ശര്‍മയെ പരിഗണിക്കാന്‍ സാധിക്കുന്നതാണ്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇറങ്ങി മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരത്തെയാണ് നമ്മള്‍ പരിഗണിക്കേണ്ടത്,’ വസീം ജാഫര്‍ പറഞ്ഞു.
ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനമാണ് ജിതേഷ് പുറത്തെടുത്തത്. 14 മത്സരങ്ങള്‍ കളിച്ച ജിതേഷ് 23.76 ശരാശരിയിലും 156.06 എന്ന സ്‌ട്രൈക്ക് റേറ്റിലും 309 റണ്‍സാണ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 49* ആണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചും രണ്ട് സ്റ്റംപിങ്ങുമാണ് ജിതേഷിന്റെ സമ്പാദ്യം.
Content Highlight: Seem Jaffer suggested Jitesh Sharma to be included in the team in Rishabh Pant’s absence