ന്യൂദല്‍ഹി: മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് നിഷേധിച്ച് സുപ്രീം കോടതി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടേയോ മറ്റോ ജാതിയോ മതമോ പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ് മതത്തിന് ഇവിടെ പ്രസക്തിയില്ല. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും മതേതരമാകണം.
വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഹിന്ദുത്വം ഒരു മതമല്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പിച്ചിരുന്ന ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. ഹിന്ദുത്വം മതമല്ല, ജീവിതരീതിയാണെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഒരു മതേതര പ്രക്രിയയാണെന്നും അതുകൊണ്ടു തന്നെ അത് മതേതരത്വത്തെ പിന്തുടര്‍ന്നു കൊണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലോ പ്രചരണം പാടില്ല. ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ാം വകുപ്പ് പ്രകാരം ഇത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.
1995ല്‍ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഒരു തിരഞ്ഞെടുപ്പുകേസില്‍ “ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്” എന്നു പറഞ്ഞിരുന്നു. തുടര്‍ന്ന്, ഈ കാര്യം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ്, ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ വിധി.