പനാജി: വാക്സിനേഷന്‍ സ്വീകരിച്ച വരനെ തേടുന്നുവെന്ന നിബന്ധനയോടെത്തിയ മാട്രിമോണിയല്‍ പരസ്യം കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച യുവതി വാക്സിനേഷന്‍ കഴിഞ്ഞ യുവാവിനെ അന്വേഷിക്കുന്നുവെന്ന നിലയിലായിരുന്നു പരസ്യം.
യുവതി കൊവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അതേ വാക്സിന്‍ സ്വീകരിച്ചവരെ പരിഗണിക്കുന്നതായും ഇതില്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഈ പത്രപരസ്യത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഇനി ഇതൊക്കെ സാധാരണ സംഭവമായി തീരുമോ എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.
‘വാക്സിനേഷന്‍ കഴിഞ്ഞ വധു വാക്സിനേഷന്‍ കഴിഞ്ഞ വരനെ തേടുന്നു. വാക്സിനേഷന്‍ ഡോസായിരിക്കും ഇനിയുള്ള വിവാഹ സമ്മാനങ്ങള്‍ എന്നതില്‍ സംശയമൊന്നുമില്ല. ഇനി ഇതാകുമോ നമ്മുടെ പുതിയ നോര്‍മല്‍,’ ശശി തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്ത് തന്നെ ചിലര്‍ ഇത് യഥാര്‍ത്ഥത്തില്‍ ആരെങ്കിലും കൊടുത്ത പരസ്യമാണോയെന്ന സംശയവും ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ ശരി വെക്കുകയാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.
ഗോവയിലെ അല്‍ഡോണയിലുള്ള സാവിയോ ഫിഗ്വേയര്‍ഡോ എന്ന കമ്യൂണിറ്റി ഫാര്‍മിസിസ്റ്റ് ആണ് ഈ പരസ്യങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം. വാക്സിനേഷന്‍ നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ മാട്രിമോണിയല്‍ പരസ്യമോഡല്‍ സാവിയോ അവതരിപ്പിച്ചത്.
Vaccinated bride seeks vaccinated groom! No doubt the preferred marriage gift will be a booster shot!? Is this going to be our New Normal? pic.twitter.com/AJXFaSAbYs
ഭാവിയിലെ മാട്രിമോണിയല്‍ പരസ്യങ്ങള്‍ എന്ന ക്യാപ്ഷനോടെ സാവിയോ ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതില്‍ ഉള്‍പ്പെട്ടതാണ് ഈ ‘പത്രപരസ്യവും’. വാക്സിനേഷന്‍ സെന്ററിന്റെ അഡ്രസും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളും പുതുക്കിയ തിയതിയുമെല്ലാം ഈ പരസ്യത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ആളുകളെ വാക്സിനേഷന് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരസ്യം ചെയ്തതെന്നും എന്നാല്‍ ചിലര്‍ ഇതു സത്യമാണെന്ന് വിചാരിക്കുകയും വൈറലാവുകയുമായിരുന്നെന്നു സാവിയോ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വ്യാജ പരസ്യത്തില്‍ സ്വന്തം നമ്പറാണു സാവിയോ നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ സംഭവം വൈറലായതോടെ നിരവധി പേരാണു വിളിക്കുന്നതെന്നു സാവിയോ പറയുന്നു. അതൊന്നും താന്‍ പ്രശ്നമായി കണക്കാക്കുന്നില്ല, വാക്സിനേഷന്‍ എടുക്കണോ വേണ്ടയോ എന്നു ചിന്തിച്ചിരുന്ന 10 പേരെങ്കിലും ഈ പരസ്യം കണ്ട ശേഷം വാക്സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതിലാണു താന്‍ സന്തോഷിക്കുന്നതെന്നു സാവിയോ പറഞ്ഞു.