പൂനെ: മഹാരാഷ്ട്രയില്‍ വധുവിനെ തേടി അവിവാഹിതരായ 50 യുവാക്കളുടെ മാര്‍ച്ച്. സ്ത്രീ പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആശ്യപ്പെട്ടാണ് സോലാപൂര്‍ കളക്ടറുടെ ഓഫീസിലേക്ക് യുവാക്കള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ചില്‍ പങ്കെടുത്ത യോഗ്യരായ ബാച്ചിലര്‍മാര്‍ക്ക് സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’എന്ന പേരിലുള്ള മാര്‍ച്ചിന് ജ്യോതി ക്രാന്തി പരിഷത്ത് എന്ന സംഘടനയാണ് നേതൃത്വം നല്‍കിയത്.
വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് അവിവാഹിതരായ നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പരമ്പരാഗത വിവാഹ വേഷങ്ങള്‍ ധരിച്ചും കുതിര പുറത്ത് സംഗീതത്തിന്റെ അകമ്പടിയോട് കൂടിയുമാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലെത്തിയത്.
ഗ്രാമത്തില്‍ താമസിക്കുന്ന ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ലെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത ക്ഷീര വ്യവസായം ചെയ്യുന്ന ശില്‍വന്ത് ക്ഷീരസാഗര്‍ പറഞ്ഞു.
‘എനിക്ക് 29 വയസുണ്ട്, അവിവാഹിതനാണ്. സോലാപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞങ്ങളുടെ കുടുംബം രണ്ടേക്കറില്‍ കൃഷി ചെയ്യുകയാണ്. ഓരോ വിവാഹാലോചന വരുമ്പോഴും പെണ്‍കുട്ടി ചോദിക്കുന്നത്, നിങ്ങള്‍ നഗരത്തിലാണോ ജീവിക്കുന്നത്? ജോലിയുണ്ടോ? എന്നൊക്കെയാണ്. ഇതിവരെ 25 വിവാഹാലോചനകള്‍ നടന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് എല്ലാം നിരസിക്കപ്പെട്ടു,’ ക്ഷീരസാഗര്‍ പറഞ്ഞു.
ചില മാട്രിമോണിയല്‍ സൈറ്റുകളിലും വിവാഹ ബ്യൂറോകളിലും താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, പക്ഷേ അതെല്ലാം വെറുതെയായെന്നും അദ്ദേഹം പറഞ്ഞു.
‘ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാം, എന്നാല്‍ സംസ്ഥാനത്ത് ആണ്‍-പെണ്‍ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം വിവാഹപ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല,’ ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകന്‍ രമേഷ് ബരാസ്‌കര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ലിംഗാനുപാതം 1,000 ആണ്‍കുട്ടികള്‍ക്ക് 889 പെണ്‍കുട്ടികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ പെണ്‍ ഭ്രൂണഹത്യ കാരണമാണ് ഈ അസമത്വം നിലനില്‍ക്കുന്നതെന്നും ഈ അസമത്വത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും ബരാസ്‌കര്‍ ആരോപിച്ചു.