ലണ്ടന്‍: സര്‍ക്കാറിന്റെ അനധികൃത കുടിയേറ്റ ബില്ലിനെതിരെ ലണ്ടനില്‍ വ്യാപക പ്രതിഷേധം. രണ്ടായിരത്തിലധികം പേരാണ് ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ അനഡൊലു റിപ്പോര്‍ട്ട് ചെയ്തു.
അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമെന്ന് പറയുന്ന മുദ്രാവാക്യങ്ങളുമായാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ സമരവുമായെത്തിയത്.
സ്റ്റാന്‍ഡ് അപ് ടു റേസിസം എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നിട്ടുള്ളത്. കൂടാതെ സ്റ്റോപ് ദ വാര്‍ കൊലിഷന്‍, ബ്ലാക്ക് ലൈവ് മാറ്റേര്‍സ്, മുസ്‌ലിംസ് ആന്റ് ജുത സൊസൈറ്റീസ് തുടങ്ങി നിരവധി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായതായി അനഡൊലു റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കുടിയേറ്റ നയങ്ങളെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍ രാജ്യത്ത് കൊണ്ടുവരുന്ന റൊവാണ്ട പദ്ധതിയും അനധികൃത കുടിയേറ്റ ബില്ലും അവതരിപ്പിച്ചതിന് ആഭ്യന്തര മന്ത്രി സ്വെല്ല ബ്രേവര്‍മാനെതിരെയും വിമര്‍ശനം ഉയര്‍ത്തി.
‘നാടുകടത്തല്‍ തടയുക,”സുരക്ഷിത യാത്രയാണ് ആവശ്യം റൊവാണ്ട വിമാനമല്ല,’ ‘അഭയം തേടുന്നത് കുറ്റകരമല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് സമരക്കാര്‍ പ്രതിഷേധവുമായെത്തിയത്.
രാജ്യത്ത് അഭയം തേടിയെത്തുന്നവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്താനാണ് താനെത്തിയതെന്നും രാജ്യം അവരോട് വേണ്ടത്ര നീതി പുലര്‍ത്തുന്നില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത മെല്ലി അനഡൊലുവിനോട് പറഞ്ഞു.
ഈ രാജ്യത്തെ ജനങ്ങള്‍ നല്ലവരാണെന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാണെന്നും പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ മാര്‍ക് ഡാലി പറഞ്ഞതായി എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു. റൊവാണ്ട പദ്ധതി നിയമപരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബ്രിട്ടന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമം ലംഘിച്ച് ലണ്ടനിലെത്തുന്നവരെ നീക്കം ചെയ്യാന്‍ വേണ്ടി ഈ മാസമാണ് അനധികൃത കുടിയേറ്റ ബില്ല് അവതരിപ്പിച്ചത്. അത്തരക്കാരെ തടവില്‍ വെക്കണമെന്നും ബില്ലില്‍ പറയുന്നതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടന്റെ അനധികൃത കുടിയേറ്റ ബില്ലിനെ അപലപിച്ച് യുണിസെഫും രംഗത്തെത്തിയിരുന്നു.
content highlight: ‘Seeking asylum is not a crime’; Protest against immigration bill in London; More than 2,000 people participated