| Wednesday, 15th July 2020, 10:49 am

'മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണം'; നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാഷ്ട്രീയപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് സംഘടനയുടെ അനുമതി വാങ്ങണമെന്ന പോഷക സംഘടന ഭാരവാഹികള്‍ക്ക് സമസ്തയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ചര്‍ച്ചയില്‍ നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ള ചില നേതാക്കള്‍ സമസ്തയുടെ ഭാഗമായി ചര്‍ച്ചകളില്‍ പങ്കെടുത്തത് സംഘടന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിലയിരുത്തലാണ് തീരുമാനത്തിന് കാരണം.

അതേസമയം സമസ്തയുട മേല്‍വിലാസത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞദിവസം നാസര്‍ ഫൈസി കൂടത്തായി പങ്കെടുത്ത ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ സമസ്ത തീവ്രവാദ സംഘടനയാണെന്ന് ആക്ഷേപമുയര്‍ത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ സംഘടനയ്ക്ക് അപമാനമുണ്ടാക്കുന്നവയാണെന്നും ചില കാര്യങ്ങളില്‍ മൗനം പാലിക്കേണ്ടത് ഒരു നിലപാടായി കാണണമെന്നും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.

ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങളോട് തിടുക്കപ്പെട്ട് പ്രതികരിക്കുമ്പോള്‍ സമുദായ അപമാനിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നും അത് ഒഴിവാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

അതിനാല്‍ മാധ്യമചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മുമ്പ് സമസ്തയുടെ അധ്യക്ഷനില്‍ നിന്നും അനുമതി വാങ്ങണമെന്നും സംഘടന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സമസ്ത കേരള ജം-ഇയത്തുല്‍ ഉലമയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാരോപിച്ച് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സോഷ്യല്‍മീഡിയയിലെ അഭിമുഖത്തിനിടെയായിരുന്നു ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയുടെ ഈ പരാമര്‍ശം.

1989 ലേതിന് സമാനമായി പാണക്കാട് വിരുദ്ധ-ലീഗ് വിരുദ്ധ ട്രെന്റിലേക്കുള്ള പോക്കാണെങ്കില്‍ അതിന് കടിഞ്ഞാണിടേണ്ടത് അനിവാര്യമല്ലേ എന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് അദ്ദേഹം ഇന്ന് 1989 നടക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഇന്ന് 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ സമസ്തയുടെ മദ്രസയില്‍ പഠിക്കുന്നുണ്ടെങ്കില്‍ 11,95,000 കുട്ടികളും ലീഗുകാരുടെ കുട്ടികളായിരിക്കും. അങ്ങനെ ഒരു വിഷയം വന്നാല്‍ ഈ മദ്രസകളൊക്കെ പൂട്ടും’- എന്ന് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more